അഹ്മദാബാദ്: സ്വന്തം മണ്ണിൽ മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ആസ്ട്രേലിയക്കെതിരെ 240 റൺസിന് പുറത്ത്. കെ.എൽ രാഹുലും വിരാട് കോഹ്‍ലിയും നേടിയ അർധസെഞ്ച്വറികളാണ് ഇന്ത്യയെ വൻ നാണക്കേടിൽനിന്ന് കരകയറ്റിയത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയ നീലക്കടലിനെ ആവേശത്തിലാക്കിയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരുവശത്ത് ശുഭ്മൻ ഗില്ലിനെ സാക്ഷിയാക്കി ക്യാപ്റ്റൻ രോഹിത് ശർമ ആസ്ട്രേലിയൻ ബൗളിങ്ങിനെ അടിച്ചുതകർത്തപ്പോൾ സ്കോർബോർഡും വേഗത്തിൽ ചലിച്ചു. എന്നാൽ, 4.2 ഓവറിൽ 30 റൺസ് നേടിയ രോഹിത്-ഗിൽ ഓപണിങ് സഖ്യം മിച്ചൽ സ്റ്റാർക്ക് പൊളിച്ചു. ഏഴ് പന്തിൽ നാല് റൺസെടുത്ത ഗില്ലിനെ ലോങ് ഓണിൽ ആദം സാംബയുടെ കൈയിലെത്തിക്കുകയായിരുന്നു.
എന്നാൽ, തുടർന്നും ആക്രമണ മൂഡിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയെ െഗ്ലൻ മാക്സ് വെൽ വീഴ്ത്തി. പത്താം ഓവറിൽ മാക്സ്വെല്ലിന്റെ രണ്ടാം പന്ത് സിക്സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായി കൈയിലൊതുക്കുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും നാല് ഫേറുമടക്കം 47 റൺസാണ് രോഹിത് നേടിയത്. വൈകാതെ മൂന്നാം വിക്കറ്റും വീണു. മൂന്ന് പന്തിൽ നാല് റൺസെടുത്ത ശ്രേയസ് അയ്യരെ കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടുകയായിരുന്നു. മൂന്നിന് 81 എന്ന നിലയിൽ പ്രതിസന്ധിയിലായ ടീമിനെ വിരാട് കോഹ്‍ലിയും കെ.എൽ രാഹുലും ചേർന്ന് പതിയെ കരകയറ്റുകയായിരുന്നു.
എന്നാൽ, 63 പന്തിൽ നാല് ഫോറടക്കം 54 റൺസ് നേടിയ കോഹ്‍ലിയെ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വീഴ്ത്തിയതോടെ സ്റ്റേഡിയം നിശ്ശബ്ദമായി. കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി സ്റ്റമ്പിൽ പതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 പന്തിൽ 67 റൺസ് ചേർത്താണ് പിരിഞ്ഞത്. 107 പന്തിൽ 66 റൺസ് നേടിയ രാഹുലിനെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസും പിടികൂടി.
22 പന്തിൽ ഒമ്പത് റൺസെടുത്ത രവീന്ദ്ര ജദേജയെ ഹേസൽവുഡിന്റെ പന്തിലും 10 പന്തിൽ ആറ് റൺസെടുത്ത മുഹമ്മദ് ഷമിയെ സ്റ്റാർക്കിന്റെ പന്തിലും വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് പിടികൂടിയപ്പോൾ ബുംറയെ ആദം സാംബ വിക്കറ്റിന് മുമ്പിൽ കുടുക്കി. പിന്നെയുള്ള പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായിരുന്നു. എന്നാൽ, 28 പന്തിൽ ഒരു ഫോറടക്കം 18 റൺസെടുത്ത സൂര്യകുമാറിനെ ഹേസൽവുഡ് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചു. അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ കുൽദീപ് യാദവ് റണ്ണൗട്ടായതോടെ ഇന്ത്യൻ ഇന്നിങ്സിനും വിരാമമായി. മുഹമ്മദ് സിറാജ് ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.
ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വീതവും െഗ്ലൻ മാക്സ്വെൽ, ആദം സാംബ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.