ഹാട്രിക്ക് സെഞ്ച്വറി! റെക്കോഡ് നേട്ടവുമായി തിലക് വർമ; ട്വന്‍റി-20യിൽ ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്കോർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ച്വറി വേട്ട തുടർന്ന് തിലക് വർമ. ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി തികച്ച തിലക് വർമ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സെഞ്ച്വറി തികച്ചു. ഹൈദരാബാദിന് വേണ്ടി മേഘാലയക്കെതിരെയാണ് തിലക് വെടിക്കെട്ട് ഇന്നിങ്സ് പുറത്തെടുത്തത്.

67 പന്തിൽ നിന്നും 14 ഫോറും 10 സിക്സറുമടിച്ച് 151 റൺസാണ് തിലക് സ്വന്തമാക്കിയത്. ടി-20 ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് തിലക് സ്വന്തമാക്കിയത്. ശ്രേയസ് അയ്യറിന്‍റെ 147 റൺസ് എന്ന റെക്കോഡാണ് അദ്ദേഹം തകർത്തത്.

ട്വന്‍റി-20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറി തികക്കുന്ന കളിക്കാരനാകാനും തിലകിന് സാധിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ ഈയിടെ അവസാനിച്ച പരമ്പരയിലെ മൂന്നാം മത്സരത്തിലും നാലാം മത്സരത്തിലും തിലക് സെഞ്ച്വറി തികച്ചിരുന്നു. മൂന്നാം മത്സരത്തിൽ 56 പന്തിൽ 107 റൺസെടുത്ത താരം നാലാം ടി 20 യിൽ 47 പന്തിൽ 120 റൺസെടുത്തു.



ഹൈദരാബാദിന്‍റെ ക്യാപ്റ്റനായ തിലക് മൂന്നാമനായാണ് ക്രീസിലെത്തിയത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ തിലക് വര്‍മ ഇന്നിങ്സിലെ അവസാന പന്തില്‍ പുറത്താകുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ 20 ഓവറില്‍ 248ല്‍ എത്തിയിരുന്നു. നേരത്തെ ടോസ് നേടിയ മേഘാലയ ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു. ഹൈദരാബാദ് ഉ‍യർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മേഘാലയ 69 റൺസിന് പുറത്തായി. 179 റൺസിന്‍റെ തകർപ്പൻ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

Tags:    
News Summary - tilak varma made record by three centuries in a row in t20 cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.