ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ഇതിഹാസം ടിം സൗത്തി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് സൗത്തി വിരമിക്കുക. 2024ൽ മോശം ഫോമിലൂടെയാണ് താരം കടന്നുപോകുന്നതെങ്കിലും റിച്ചാർഡ് ഹാഡ്ലിക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ന്യൂസിലാൻഡ് ബൗളർ സൗത്തിയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ സിക്സറുകൾ അടിക്കുന്നതിലും താരം മിടുക്കനായിരുന്നു.
ടെസ്റ്റിൽ ഇതുവരെ 389 വിക്കറ്റുകൾ സ്വന്തമാക്കുവാൻ സൗത്തിക്ക് സാധിച്ചിട്ടുണ്ട്. റിച്ചാർഡ് ഹെഡ്ലി മാത്രമാണ് സൗത്തിക്ക് മുന്നിലുള്ള ന്യൂസിലാൻഡ് താരം. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നുമായി ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ താരങ്ങളിൽ പത്താം സ്ഥാനത്താണ് സൗത്തി. 774 വിക്കറ്റ് മൂന്ന് ഫോർമാറ്റിൽ നിന്നുമായി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ വളരെ മോശം ഫോമിലൂടെയാണ് സൗത്തി കടന്നുപോകുന്നത്. 10 മത്സരത്തിൽ നിന്നും 61.66 ശരാശരിയിൽ 15 വിക്കറ്റ് മാത്രമാണ് സൗത്തി നേടിയത്. നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും മോശം ഫോമിലൂടെയാണ് സൗത്തി കടന്നുപോയത്. രണ്ട് മത്സരത്തിൽ നിന്നും 49 ഓവർ പന്തെറിഞ്ഞ സൗത്തി 246 റൺസ് വിട്ടുനൽകി നാല് വിക്കറ്റ് മാത്രമാണ് നേടിയത്.
ന്യൂ ബോളിൽ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സൗത്തി ന്യൂസിലാൻഡിന്‍റെ 2021ലെ ലോക ടെസറ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മത്സരത്തിൽ നാല് വിക്കറ്റ് നേടിയ സൗത്തി ബൗറ്റിങ്ങിലും തിളങ്ങി. ഈ വർഷം ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പരമ്പരയിലും സൗത്തി ടീമിന്‍റെ ഭാഗമായിരുന്നു ആദ്യ മത്സരത്തിൽ ബോൾ കൊണ്ടും ബാറ്റ് കൊണ്ടും സൗത്തിക്ക് തിളങ്ങാൻ സാധിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ 40 പന്തിൽ നേടിയ 77 റൺസാണ് താരത്തിന്‍റെ ഉയർന്ന സ്കോർ. ഇംഗ്ലണ്ടിനെതിരെ 2008ലായിരുന്നു അരങ്ങേറ്റം. ടെസ്റ്റ് കരിയറിൽ ന്യൂസിലാൻഡിനായി 106 മത്സരങ്ങൾ കളിച്ച സൗത്തി 95 സിക്സറുകൾ അടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.