മുംബൈ: ക്രിക്കറ്റിൽനിന്ന് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഇന്ത്യൻ താരങ്ങളിൽ വിരാട് കോഹ്ലിയെ മറികടന്ന് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒന്നാമത്. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായതാണ് പന്തിന്‍റെ വരുമാനത്തിൽ കുതിപ്പുണ്ടാക്കിയത്.
സൗദിയിലെ റിയാദിൽ നടന്ന ഐ.പി.എൽ മെഗാ ലേലത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് (എൽ.സി.ജി) 27 കോടി രൂപക്കാണ് പന്തിനെ സ്വന്തമാക്കിയത്. ഇതോടെയാണ് ക്രിക്കറ്റിൽനിന്ന് ഏറ്റവും വരുമാനമുള്ള ഇന്ത്യൻ താരമായി പന്ത് മാറിയത്. ഏറെ കാലമായി കോഹ്ലിയാണ് ഒന്നാമതുണ്ടായിരുന്നത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 21 കോടി രൂപക്കാണ് ഇത്തവണ താരത്തെ ടീമിൽ നിലനിർത്തിയത്. 26.75 കോടി നേടി ശ്രേയസ്സ് അയ്യരും 23.75 കോടി നേടി വെങ്കടേഷ് അയ്യരും ഐ.പി.എൽ ലേലത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി.
ഐ.പി.എല്ലിൽനിന്ന് ലഭിക്കുന്ന 27 കോടി രൂപക്കു പുറമെ, ബി.സി.സി.ഐ കരാർ പ്രകാരം (എ വിഭാഗം) അഞ്ചു കോടിയും പന്തിന് ലഭിക്കും. ഇതോടെ ക്രിക്കറ്റിൽനിന്ന് മാത്രം 32 കോടി രൂപയാണ് താരത്തിന്‍റെ വാർഷിക വരുമാനം. കോഹ്ലിയുടെ വാർഷിക വരുമാനം 28 കോടിയാണ്. ഐ.പി.എല്ലിലെ 21 കോടിക്കു പുറമെ, ബി.സി.സി.ഐ എ പ്ലസ് കരാറിലൂടെ ഏഴു കോടിയും ലഭിക്കും. അടുത്ത വർഷം മാർച്ചിൽ ബി.സി.സി.ഐ താരങ്ങളുടെ കരാർ പുതുക്കും. പന്തിനെ എ പ്ലസ് കരാറിലേക്ക് ഉയർത്താനുള്ള സാധ്യത കൂടുതലാണ്. അങ്ങനെയെങ്കിൽ താരത്തിന്‍റെ വരുമാനത്തിൽ വീണ്ടും വർധനയുണ്ടാകും.
ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഇന്ത്യൻ ടീമിൽ പന്തിന് നിർണായക സ്ഥാനമുണ്ട്. അതേസമയം, കോഹ്ലി ഏറെ നാളായി ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെ ഭാഗമല്ല. താരത്തെ എ വിഭാഗം കരാറിലേക്ക് മാറ്റിയേക്കും. ഇത് താരത്തിന്‍റെ വരുമാനത്തിൽ കുറവ് വരുത്തും.
അതേസമയം, ശ്രേയസ്സും വെങ്കടേഷ് അയ്യരും നിലവിൽ ബി.സി.സി.ഐ കരാറിന്‍റെ ഭാഗമല്ല.
1. ഋഷഭ് പന്ത് -32 കോടി
2. വിരാട് കോഹ്ലി -28 കോടി
3. ശ്രേയസ്സ് അയ്യർ -26.75 കോടി
4. ജസ്പ്രീത് ബുംറ -25 കോടി
5. രവീന്ദ്ര ജദേജ -25 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.