ബോർഡർ-ഗവാസ്കർ ട്രോഫി രണ്ടാം ടെസ്റ്റ് മത്സരത്തിൽ ആസ്ട്രേലിക്ക് മികച്ച ലീഡ്. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡിന്‍റെ ചിറകിലേറി 157 റൺസിന്‍റെ ലീഡാണ് ആസ്ട്രേലിയ നേടിയത്. ഇന്ത്യൻ ടീമിനെ ഏത് ഫോർമാറ്റിൽ കണ്ടാലും തലങ്ങും വിലങ്ങും മർദിക്കുന്നത് ട്രാവിസ് ഹെഡ് എന്ന ബാറ്ററിന് നിലവിലൊരു ശീലമായിട്ടുണ്ട്. 141 പന്ത് നേരിട്ട് 140 റൺസാണ് ഹെഡ് സ്വന്തമാക്കിയത്.
ഇന്നത്തെ മത്സരത്തിലും ഹെഡ് ഇന്ത്യൻ ബൗളർമാരെയും ഫീൽഡിങ്ങിനെയും വെള്ളം കുടിപ്പിച്ചു. ആദ്യമൊക്കെ ശ്രദ്ധയോടെ നീങ്ങിയ ഹെഡ് താളം കണ്ടെത്തിയതിന് ശേഷം ഇന്ത്യൻ ബൗളർമാർക്ക് തലവേദനയകുകയയായിരുന്നു.
ആക്രമിച്ച് കളിച്ച ട്രാവിസ് ഹെഡ് തന്‍റെ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി പൂർത്തിയാക്കി. സെഞ്ച്വറിക്ക് ശേഷം സ്കോറിങ് ഹെഡ് ഇരട്ടിവേഗത്തിലാക്കി. 17 ഫോറും നാല് സിക്സറുമടിച്ചാണ് ഹെഡ് വെടിക്കെട്ട് ഇന്നിങ്സ് പുറത്തെടുത്തത്. ഇന്നത്തെ ദിനം മുഴുവൻ ബൗളിങ്ങിൽ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന മുഹമ്മദ് സിറാജാണ് ഹെഡിനെ പുറത്താക്കിയത്.
മത്സരത്തിന്‍റെ 82ാം ഓവറിലെ ആദ്യ പന്തിൽ സിറാജിനെ ബൗണ്ടറി കടത്തിയ ഹെഡ് മൂന്നാം പന്തിൽ സിക്സറിനും പറത്തി. എന്നാൽ അടുത്ത പന്തിൽ ഹെഡിനെ ഫുൾടോസ് എറിഞ്ഞുകൊണ്ട് സിറാജ് ബൗൾഡാക്കി. ഔട്ടാക്കിയതിന് ശേഷം വളരെ അഗ്രസീവായിട്ടായിരുന്നു സിറാജ് ആഘോഷിച്ചത്. ഹെഡ് തിരിച്ചും സിറാജിനോട് എന്തോ പിറുപിറുത്തു സിറാജ് തിരിച്ച് കൈ വെച്ച് ഒരു ആംഗ്യവും കാണിച്ചു. അഡ്ലെയഡിലെ നിറഞ്ഞ കാണികൾ ട്രാവിസ് ഹെഡിന് വേണ്ടി കയ്യടികൾ നൽകി പറഞ്ഞയച്ചപ്പോൾ തൊട്ടടുത്ത നിമിഷം സിറാജിനെ അവർ കൂവി വിളിക്കുകയും ചെയ്തു.
അടുത്ത ഓവറിൽ പന്ത് ഫീൽഡിങ് നിൽക്കുന്ന സിറാജിന്‍റെ കയ്യിലെത്തിയപ്പോഴും കാണികൾ കൂവി. സെഞ്ച്വറി തികച്ച അഡ്ലെയ്ഡിന്‍റെ തന്നെ താരത്തിന് നിങ്ങൾ സെന്‍റ് ഓഫ് നൽകിയാൽ കൂവലുകൾ കിട്ടുന്നത് സ്വഭാവികമാണെന്ന് മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.