മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽനിന്ന് മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പർ-ബാറ്റർ കെ.എൽ രാഹുലിനെയും മികച്ച ശരാശരിയും സ്ട്രൈക്ക് റേറ്റുമുള്ള ബാറ്റർ റിങ്കു സിങ്ങിനെയും ഒഴിവാക്കാനുള്ള കാരണം വിശദീകരിച്ച് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ. രോഹിത് ശർമക്കൊപ്പം നടത്തിയ വാർത്ത സമ്മേളനത്തിലാണ് വിശദീകരണം.
രാഹുൽ മികച്ച താരമാണെന്നതിൽ സംശയമില്ലെന്ന് പറഞ്ഞ അഗാർക്കർ, അദ്ദേഹം ബാറ്റ് ചെയ്യുന്നത് ടോപ് ഓർഡറിലാണെന്നും മധ്യനിരയിൽ കളിക്കുന്ന വിക്കറ്റ് കീപ്പറെയാണ് നമുക്ക് ആവശ്യമായിരുന്നതെന്നും പറഞ്ഞു. ഇവിടേക്ക് ഋഷബ് പന്തും സഞ്ജു സാംസണും അനുയോജ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിങ്കു സിങ്ങിനെ ഒഴിവാക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്നും എന്നാൽ, ഒരു അധിക ബൗളറുടെ ഓപ്ഷൻ ഉപയോഗപ്രദമാകുമെന്ന് വിലയിരുത്തുകയായിരുന്നെന്നും അഗാർക്കർ പറഞ്ഞു. കോഹ്‍ലിയുടെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ, ഐ.പി.എല്ലിൽ നന്നായി കളിക്കുന്നുണ്ടെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. ഹാർദിക് പാണ്ഡ്യയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യത്തിന്, നീണ്ട ഇടവേളക്ക് ശേഷമാണ് താരം തിരിച്ചെത്തുന്നതെന്നും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പകരം വെക്കാനില്ലെന്നും ക്യാപ്റ്റന് ഒരുപാട് ഓപ്ഷനുകൾ നൽകുന്നുണ്ടെന്നുമായിരുന്നു വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.