ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിൽ ഞായറാഴ്ച നടന്ന മത്സരം ഓർമിക്കപ്പെടുന്നത് റിങ്കു സിങ് തുടർച്ചയായി പറത്തിയ അഞ്ച് സിക്‌സറുകളുടെ പിൻബലത്തിൽ പിറന്ന ആവേശജയത്തിന്റെ ൈക്ലമാക്സിനാലാവും. ടൂർണമെന്റിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ മത്സരം പെയ്തുതീർന്നപ്പോൾ സ്പോട്ട്ലൈറ്റുകൾ മുഴുവൻ റിങ്കുവിന്റെ നേർക്കായിരുന്നു. അപ്പോൾ, മറുവശത്ത് ഗുജറാത്ത് ജയിച്ചെന്നുറപ്പിച്ച കളിയിൽ അഞ്ചു തുടർ സിക്സറുകൾ വഴങ്ങി ടീമിനെ അപ്രതീക്ഷിത പരാജയത്തിലേക്ക് ‘നയിച്ച’ യാഷ് ദയാൽ എന്ന ബൗളറുടെ ദൈന്യതയിലേക്ക് അൽപനേരം കാമറക്കണ്ണുകൾ ഫോക്കസ് ചെയ്‌തു. ഓവറിലെ അവസാന പന്തും അതിർവര കടന്ന് സിക്സറിലേക്ക് പറന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ കഴിയാതെ അയാളപ്പോൾ പിച്ചിൽ ഇരിക്കുകയായിരുന്നു.
ആരവങ്ങളും ആഘോഷങ്ങളും പെയ്തുതോർന്നപ്പോൾ യാഷ് ദയാൽ പലരുടെയും ഓർമകളിൽ തിരിച്ചെത്തിയിരുന്നു. കരിയറിലെ ഏറ്റവും അഭിശപ്തമായ വേളയിലൂടെ കടന്നുപോകേണ്ടിവന്ന ദയാലിന് ആശ്വാസവാക്കുകളുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും കമന്റേറ്റർ ഹർഷ ഭോഗ്‌ലെയും ഉൾപ്പെടെയുള്ളവരെത്തി. റിങ്കു സിങ് തന്റെ കൂട്ടുകാരൻ കൂടിയായ ദയാലിന് ആശ്വാസവാക്കുകളുമായി സന്ദേശമയച്ചു.
‘പ്രിയ യാഷ് ദയാൽ..ആ മത്സരം മറന്നേക്കുക. അടുത്തതിനെക്കുറിച്ച് ചിന്തിച്ച് വീണ്ടും മുന്നേറുക. കരുത്തോടെ നിലയുറപ്പിച്ചാൽ, കാര്യങ്ങളെ കീഴ്മേൽ മറിയ്ക്കാൻ നിനക്ക് കഴിയും’ -ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു. ‘അതൊരു മോശം ദിവസമെന്നു മാത്രം കണക്കുകൂട്ടിയാൽ മതി. ക്രിക്കറ്റിലെ മഹാന്മാരയ കളിക്കാർക്കുപോലും ഇതൊക്കെ സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ചാമ്പ്യനാണ്. നിങ്ങൾ കരുത്തനായി തിരിച്ചുവരും’ -കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമും ദയാലിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു.
‘യാഷ് ദയാലിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നു. സ്റ്റുവാർട്ട് ബ്രോഡ് ഒരോവറിൽ 36ഉം 35ഉം റൺസ് വഴങ്ങിയ താരമാണ്. പിന്നീടദ്ദേഹം ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളായി മാറി. ഹർഷൽ പട്ടേൽ ഒരോവറിൽ 37 റൺസ് വഴങ്ങിയിട്ടുണ്ട്. അതൊന്നും പക്ഷേ, അദ്ദേഹത്തോടുള്ള ആളുകളുടെ മതിപ്പിനെ മാറ്റിമറിച്ചിട്ടില്ല. ദയാൽ ഇപ്പോൾ മികച്ച ഒരു ടീമിലാണുള്ളത്. ഒരുപാടു നല്ല ദിവസങ്ങൾ കാത്തിരിക്കുന്നു’ -ഹർഷ ഭോെഗ്ല എഴുതി. ‘ഞാൻ യാഷ് ദയാലിന് മെസേജ് അയച്ചിരുന്നു. ക്രിക്കറ്റിൽ ഇതെല്ലാം സംഭവിക്കുന്നത് സ്വാഭാവികം മാത്രം. കഴിഞ്ഞ വർഷം വളരെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണാവൻ’ -റിങ്കു സിങ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.