ഐ.പി.എല്ലിൽ കോഹ്ലിക്ക് റെക്കോഡ്; നേട്ടം കൈവരിക്കുന്ന ആദ്യ താരം...

ഐ.പി.എല്ലിൽ കോഹ്ലിക്ക് റെക്കോഡ്; നേട്ടം കൈവരിക്കുന്ന ആദ്യ താരം...

കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) ഓപ്പണിങ് മത്സരത്തിൽ അർധ സെഞ്ച്വറിയുമായി സൂപ്പർതാരം വിരാട് കോഹ്ലി തിളങ്ങിയപ്പോൾ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഉജ്ജ്വല വിജയം. 36 പന്തിൽ പുറത്താകാതെ താരം 59 റൺസെടുത്തു. മറ്റൊരു ഓപ്പണർ ഫിൽ സാൾട്ട് 31 പന്തിൽ 56 റൺസെടുത്തു. കൊൽക്കത്ത വെച്ചുനീട്ടിയ 174 എന്ന വിജയലക്ഷ്യം 16.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ബംഗളൂരു അനായാസം മറികടന്നത്.

പവർ പ്ലേയിൽ ബംഗളൂരുവിനായി ഓപ്പണർമാർ 80 റൺസാണ് അടിച്ചുകൂട്ടിയത്. ഐ.പി.എൽ ചരിത്രത്തിൽ ആർ.സി.ബിയുടെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പവർ പ്ലേ സ്കോറാണിത്. മൂന്നു സിക്സും നാലു ബൗണ്ടറികളും ഉൾപ്പെടുന്നതാണ് കോഹ്ലിയുടെ ഇന്നിങ്സ്. 163.89 ആണ് സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ മറ്റൊരു നേട്ടം കൂടി കോഹ്ലി സ്വന്തമാക്കി. ഐ.പി.എല്ലിൽ കൊൽക്കറ്റ നൈറ്റ് റൈഡേഴ്സിനെതിരെ താരം 1000 റൺസ് പൂർത്തിയാക്കി. 18 വർഷം നീണ്ട ഐ.പി.എൽ കരിയറിൽ മൂന്നു തവണ ചാമ്പ്യന്മാരായ കെ.കെ.ആറിനെതിരെ 32 ഇന്നിങ്സുകളിലായി 1021 റൺസാണ് താരം ഇതുവരെ നേടിയത്.

ഐ.പി.എല്ലിൽ കോഹ്ലി 1000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ ടീമാണ് കൊൽക്കത്ത. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയാണ് താരം നേരത്തെ ഈ നേട്ടം കൈവരിച്ചത്. രണ്ടിലധികം ടീമുകൾക്കെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു താരം കൂടിയാണ് കോഹ്ലി.

സീസണിൽ തന്നെ മറ്റൊരു റെക്കോഡ് കൂടി കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം. നിലവിൽ ഡേവിഡ് വാർണറാണ് ഒന്നാമത്.

പഞ്ചാബ് കിങ്സിനെതിരെ താരം 1134 റൺസാണ് നേടിയത്. ശിഖർ ധവാൻ (ചെന്നൈക്കെതിരെ 1105 റൺസ്), ഡേവിഡ് വാർണർ (കൊൽക്കത്തക്കെതിരെ 1093 റൺസ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. നാലാമതുള്ള കോഹ്ലി ചെന്നൈക്കെതിരെ ഇതുവരെ നേടിയത് 1081 റൺസാണ്. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ സീസണിൽ ഒരു ടീമിനുവേണ്ടി കളിച്ച താരവും കോഹ്ലിയാണ്. ഉദ്ഘാടന സീസൺ മുതൽ ആർ.സി.ബിക്കൊപ്പമാണ് കോഹ്ലി കളിക്കുന്നത്, 18 സീസണുകൾ.

ഐ.പി.എല്ലിൽ ഒരു ടീമിനെതിരെ 1000 റൺസ് നേടിയ താരങ്ങൾ

വിരാട് കോഹ്ലി -ഡൽഹി കാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഡേവിഡ് വാർണർ -പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

രോഹിത് ശർമ -കൊൽക്കത്ത നൈറ്റഡ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ്

ശിഖർ ധവാൻ -ചെന്നൈ സൂപ്പർ കിങ്സ്

Tags:    
News Summary - Virat Kohli Creates History; Becomes First Player In The World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.