ഷാർജ: െഎ.പി.എൽ പ്ലേഓഫിലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ തോറ്റതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായക പദവിയിൽ നിന്ന് കണ്ണീരോടെ വിരാട് കോഹ്ലി പടിയിറങ്ങുകയാണ്. ആർ.സി.ബിയുടെ നായകനായുള്ള അവസാന സീസണിൽ കപ്പുമായി മടങ്ങാമെന്നുള്ള മോഹങ്ങളാണ് െക.കെ.ആർ തച്ചുടച്ചത്. ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്‍റി20 ടീമിന്‍റെയും നായക പദവി ഒഴിയുമെന്ന് കോഹ്ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ആർ.സി.ബി തന്നിൽ പൂർണ വിശ്വാസം അർപ്പിച്ചുവെന്നും അതിനാൽ തന്നെ തന്‍റെ അവസാന ഐ.പി.എൽ മത്സരം വരെ ഫ്രാഞ്ചൈസിയിൽ തുടരുമെന്നും കൊൽക്കത്തക്കെതിരായ മത്സരശേഷം കോഹ്ലി വ്യക്തമാക്കി.
'അതെ, ഞാൻ മറ്റെവിടെയും കളിക്കാൻ പോകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വിശ്വസ്തതയാണ് പ്രധാനം. ഈ ഫ്രാഞ്ചൈസി എന്നിൽ വിശ്വസിക്കുന്നു. എന്‍റെ അവസാന ഐ.പി.എൽ മത്സരം വരെ ഈ ഫ്രാഞ്ചൈസിയോട് എനിക്ക് പ്രതിബദ്ധതയുണ്ട്' -കോഹ്ലി പറഞ്ഞു.
ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞ അവസാന മത്സരത്തിൽ ആർ.സി.ബിയുടെ ടോപ്സ്കോററും കോഹ്ലിയായിരുന്നു. 39 റൺസാണ് താരം നേടിയത്. ആർ.സി.ബിക്കായി ഓപണർമാരായ കോഹ്ലിയും ദേവ്ദത്ത് പടിക്കലും മികച്ച തുടക്കം നലകി. എന്നാൽ കോഹ്ലി, എ.ബി ഡിവില്ലിയേഴ്സ് , ഗ്ലെൻ മക്സ്വെൽ എന്നീ സ്റ്റാർ ബാറ്റ്സ്മാൻമാരെ അടക്കം നാലുപേരെ പറഞ്ഞയച്ച സുനിൽ നരെയ്നാണ് ആർ.സി.ബിയുടെ നട്ടെല്ലൊടിച്ചത്.
നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്താണ് നരെയ്ൻ നാലുവിക്കറ്റെടുത്തത്. മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തിയും ശാകിബുൽ ഹസനുമടങ്ങുന്ന സ്പിൻനിര കൂടി പിടിമുറുക്കിയതോടെ ബാംഗ്ലൂർ ടോട്ടൽ 138ൽ ഒതുങ്ങി.
ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം കൊൽക്കത്ത രണ്ട് പന്ത് ബാക്കി നിൽക്കേ എത്തിപ്പിടിച്ചു. കലാശക്കളിക്ക് അർഹത നേടാനുള്ള പോരാട്ടത്തിൽ െക.കെ.ആർ ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.