ന്യൂഡൽഹി: ഓസീസിനെ അവരുടെ നാട്ടിൽ മലർത്തിയടിച്ച ടീം ഇന്ത്യയുടെ യുവതാരങ്ങളിൽ ഒരാളായ വാഷിങ്ടണ്‍ സുന്ദറിന് ടെസ്റ്റ് കിറ്റ് പോലുമില്ലായിരുന്നെന്ന് ടീം ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍. ബ്രിസ്ബേനിൽ നാലാം ടെസ്റ്റിനിറങ്ങിയ സുന്ദറിന് കിറ്റ് വാങ്ങിയത് കളി ആരംഭിച്ച ശേഷമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'തെലങ്കാന ഡെയ്‌ലി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
'കളി തുടങ്ങിയ ശേഷമാണ് സുന്ദറിന് വൈറ്റ് പാഡുകള്‍ വാങ്ങിയത്. കയ്യിലുള്ളതെല്ലാം കളർ പാഡുകളായിരുന്നു. മറ്റുള്ളവരുടെ ടെസ്റ്റ് പാഡുകളിൽ മിക്കതും അഡ്ജസ്റ്റ് ചെയ്യാൻ നോക്കി, പക്ഷേ ഉയരക്കൂടുതലുള്ള സുന്ദറിന് അവയെല്ലാം ചെറുതായിരുന്നു. കോവിഡ് കാരണം ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പാഡുകളും കിട്ടാന്‍ വഴിയില്ലായിരുന്നു. ഒടുവില്‍ മത്സരം തുടങ്ങിയ ശേഷം കടയിൽ പോയി വാങ്ങുകയായിരുന്നു' -ശ്രീധർ പറഞ്ഞു.
ടി-20യ്ക്ക് വേണ്ടി ടീമിലെടുത്ത സുന്ദറിന്‍റെ പക്കൽ കളര്‍ കിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ബ്രിസ്ബേനിലെ ഷോപ്പിലെത്തി വാങ്ങുകയായിരുന്നു. 'ഗാബ്ബ' മൈതാനത്ത് അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ വാഷിങ്ടൺ സുന്ദറും പരമ്പരയിൽ അരങ്ങേറിയ പേസ്ബൗളർ ഷർദുൽ താക്കൂറും ചേർന്ന് ഏഴാംവിക്കറ്റിൽ നടത്തിയ കൂട്ടുകെട്ട് വിസ്മയകരമായിരുന്നു.
ഗാബ്ബയിലെ പിച്ചിൽ ഒറ്റ ഇന്നിങ്സ് കൊണ്ട് ഒരു പിടി റെക്കോഡാണ് ഇരുവരും കുറിച്ചത്. നിർണായകമായ മത്സരത്തിൽ വൻ ലീഡ് വഴങ്ങി ഇന്ത്യൻ നിര അപകടത്തിലേക്ക് പോകുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇരുവരുടെയും കിടിലൻ പ്രകടനത്തിനാണ് ഗാബ്ബ സാക്ഷിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.