ഗ്രൂപ്പ് ഡി മത്സരത്തിൽ ക്രിക്കറ്റിലെ ശിശുക്കളായ നേപ്പാളിനു മുന്നിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ഒരു റണ്ണിന് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. പ്രോട്ടീസ് പേസർ ഒട്ട്നീൽ ബാർട്ട്മാൻ എറിഞ്ഞ അവസാന പന്തിൽ നേപ്പാളിന് ജയിക്കാൻ രണ്ടു റൺസായിരുന്നു വേണ്ടിയിരുന്നത്. ഈ സമയം ക്രീസിൽ ഗുൽഷൻ ജാ ആയിരുന്നു. താരത്തിന്‍റെ അപ്രതീക്ഷിത ബൗൺസർ ജായുടെ ബാറ്റിൽ കൊണ്ടില്ല, റണ്ണിനായി നേപ്പാൾ താരങ്ങൾ ഓടിയെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ ഗുൽഷൻ റണ്ണൗട്ടായി.
വിക്കറ്റ് കീപ്പർ കൈയിലൊതുക്കി പന്ത് സ്റ്റമ്പിന് നേരെ എറിഞ്ഞെങ്കിലും കൊണ്ടില്ല, പന്ത് നേരെ ബൗളിങ് സ്റ്റമ്പിന് അരികിലുണ്ടായിരുന്ന ഹെൻറിച് ക്ലാസന്‍റെ കൈയിലേക്ക്. താരം ഉടൻ പന്ത് കൈയിലെടുത്ത് സ്റ്റമ്പിലേക്ക് എറിയുകയായിരുന്നു. റീപ്ലേയിൽ ഔട്ടെന്ന് തെളിഞ്ഞതോടെ നേപ്പാൾ താരങ്ങളുടെയും ആരാധകരുടെയും ഹൃദയം കൂടിയാണ് തകർന്നത്. ഒരുഘട്ടത്തിൽ അട്ടിമറി ജയം ഉറപ്പിച്ചിരുന്ന നേപ്പാളാണ് ഒരു റൺ അകലെ വീണത്. ഒരു റൺ കിട്ടിയിരുന്നെങ്കിൽ മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുമായിരുന്നു. ടീമിന്‍റെ സൂപ്പർ എട്ട് പ്രതീക്ഷകളും ഇതോടെ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ നേപ്പാൾ ബൗളർമാർ ഏഴു വിക്കറ്റിന് 115 റൺസിൽ ഒതുക്കിയിരുന്നു. കുഷാൽ ഭുർട്ടേൽ നാലും ദീപേന്ദ്ര സിങ് മൂന്നു വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുക്കാനെ നേപ്പാളിന് കഴിഞ്ഞുള്ളു.
അതേസമയം, നേപ്പാളിന്‍റെ അട്ടിമറി ജയം അമ്പയർ ഇല്ലാതാക്കിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പ്രതികരിക്കുന്നത്. ഒട്ട്നീൽ ബാർട്ട്മാൻ എറിഞ്ഞ അവസാന പന്ത് വൈഡ് വിളിക്കുന്നതിൽ അമ്പയറിന് പിഴവ് പറ്റിയെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. പേസറുടെ ഷോട്ട് പിച്ച് ഡെലിവറി ഗുൽഷൻ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ടില്ല. താരത്തിനേക്കാളും ഉയരത്തിൽ വന്ന പന്ത് വൈഡാണെന്നാണ് ഇവരുടെ പക്ഷം. ഇതിന്‍റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പങ്കുവെച്ചാണ് അമ്പയർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. അവസാന ഓവറിൽ ബാർട്ട്മാൻ എറിഞ്ഞ രണ്ടു ബൗൺസുകൾ ഒന്ന് വൈഡാണെന്ന് ഒരു ആരാധകൻ എക്സിൽ പ്രതികരിച്ചു.
ട്വന്‍റി20 ലോകകപ്പിൽ മറ്റൊരു അട്ടിമറി സാധ്യത മുന്നിൽകണ്ട മത്സരത്തിൽ അവസാന ഓവറിൽ എട്ട് റൺസാണ് നേപ്പാളിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യത്തെ രണ്ടു പന്തുകളിലും ക്രീസിലുണ്ടായിരുന്നു ഗുൽഷന് റണ്ണെടുക്കാനായില്ല. മൂന്നാമത്തെ പന്ത് ബൗണ്ടറി കടത്തി. നാലാം പന്തിൽ ഡബ്ൾ ഓടിയതോടെ ലക്ഷ്യം രണ്ട് പന്തിൽ രണ്ട് റൺസായി. അഞ്ചാമത്തെ പന്തിൽ റണ്ണെടുക്കാനായില്ല. അവസാന പന്തിലാണ് താരം റണ്ണൗട്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.