കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോറിലും ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ മഴ പെയ്തത് ആരാധകരെ നിരാശരാക്കി. മത്സരം റിസർവ് ദിനമായ തിങ്കളാഴ്ച തുടരുമെങ്കിലും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ രണ്ടു വിക്കറ്റിന് 147 റൺസെടുത്ത് നിൽക്കെയാണ് രസംകൊല്ലിയായി മഴ എത്തിയത്.
മണിക്കൂറുകൾ കാത്തെങ്കിലും മഴ തുടർന്നതോടെയാണ് മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയത്. നേരത്തെ ഇന്ത്യ-പാക് ഗ്രൂപ് മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇരുടീമുകളും ഓരോ പോയന്‍റ് വീതം പങ്കിട്ടു. സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയ നാലു ടീമുകളും പരസ്പരം കളിക്കണം. നിലവിൽ ഓരോ മത്സരം വീതം ജയിച്ച പാകിസ്താനും ശ്രീലങ്കയുമാണ് മുന്നിലുള്ളത്. റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ പാകിസ്താൻ ഒന്നാമതും ശ്രീലങ്ക രണ്ടാമതും. രണ്ടു മത്സരം തോറ്റ ബംഗ്ലാദേശിന്‍റെ സാധ്യതകൾ ഏറെക്കുറെ അടഞ്ഞു.
ഇന്ത്യയുടേത് സൂപ്പർ ഫോറിലെ ആദ്യ മത്സരമായിരുന്നു. തിങ്കളാഴ്ചയും മഴ കാരണം മത്സരം പൂർത്തിയാക്കാനായില്ലെങ്കിൽ ഇന്ത്യയും പാകിസ്താനും ഓരോ പോയന്‍റ് വീതം പങ്കിടും. ഇതോടെ പാകിസ്താന് ഫൈനൽ ഉറപ്പിക്കാനാകും. സൂപ്പർ ഫോറിലെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാകും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലിന് യോഗ്യത നേടുക.
ചൊവ്വാഴ്ച കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ തന്നെ ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇടവേളയില്ലാതെ ഇന്ത്യ കളിക്കാനിറങ്ങണം. 15ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലെ അവസാന മത്സരം. അതും കൊളംബോ സ്റ്റേഡിയത്തിൽ. ഈ രണ്ടു മത്സരങ്ങൾക്കും മഴ ഭീഷണി നിലനിൽക്കുന്നുണ്ട്. റിസർവ് ദിനം അനുവദിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.