200നു മുകളിലെ സ്കോർ മുന്നിൽ നിൽക്കെ വലിയ ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തക്ക് കാര്യങ്ങൾ ഒന്നും അനുകൂലമായിരുന്നില്ല. എതിരാളികൾ ഗുജറാത്ത് എന്ന അതികായയായതിനാൽ വിശേഷിച്ചും. മികച്ച പ്രകടനം പുറത്തെടുത്ത വെങ്കടേഷ് അയ്യരെ 14ാം ഓവറിൽ അൽസാരി ജോസഫ് മടക്കുകയും മൂന്ന് ഗൂഗ്ളികളുമായി റാശിദ് ഖാൻ തൊട്ടുപിറകെ ഹാട്രിക് സ്വന്തമാക്കുകയും ചെയ്തതോടെ കാര്യങ്ങൾ പിന്നെയും കുഴഞ്ഞു. വിക്കറ്റുകളുടെ തുടർവീഴ്ചക്കൊടുവിൽ മൂന്നു കളികളിൽ മൂന്നാം ജയമെന്ന അപൂർവ നേട്ടത്തിനരികിൽ നിൽക്കുന്നു, ഗുജറാത്ത്.
ഈ ഘട്ടത്തിലായിരുന്നു കൊൽക്കത്തയുടെ അവസാന കച്ചിത്തുരുമ്പായി റിങ്കു സിങ് എത്തുന്നത്. പിന്നീട് സംഭവിച്ചത് ഐ.പി.എൽ ചരിത്രത്തിലെ സമാനതകളില്ലാത്ത റൺ ചേസ്. യാശ് ദയാൽ എറിഞ്ഞ അവസാന ഓവറിൽ കൊൽക്കത്തക്ക് വേണ്ടിയിരുന്നത് 28 റൺസ്. നേരിട്ട അവസാന അഞ്ചു പന്തും സിക്സർ പറത്തിയ റിങ്കു സിങ് കൊൽക്കത്ത കാത്തിരുന്ന വിജയത്തിലേക്ക് ടീമിനെ നയിച്ചു. അതുവരെയും ശരിക്കും കളി കൈവിട്ട് കണ്ണുംനട്ടിരുന്ന കൊൽക്കത്തൻ താരങ്ങൾ ഓരോ പന്തും അതിർത്തി കടന്നുപോകുന്നത് കണ്ട് കണ്ണുമിഴിച്ചുനിന്ന അപൂർവ കാഴ്ച.
ഒരു ഘട്ടത്തിൽ 18 പന്തിൽ 48 റൺസ് ആയിരുന്നു കൊൽക്കത്തക്ക് മുമ്പിലെ ലക്ഷ്യം. രണ്ട് ഓവറിൽ 20 റൺസ് നേടിയ ടീം അവസാന ഓവറിലും അത്രയൊക്കെ നേടി മാന്യമായി തോൽക്കുമെന്ന് മാത്രമായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടൽ. റിങ്കു സിങ് അതിൽ കൂടുതലൊന്നും പ്രതീക്ഷ നൽകിയുമില്ല. എന്നാൽ, ഓവറിലെ രണ്ടാം പന്തും മൂന്നാം പന്തും തുടർച്ചയായി സിക്സർ പറന്നതോടെ ചിലത് സാധ്യമാണെന്ന തോന്നൽ താരങ്ങൾക്ക് വന്നു തുടങ്ങിയതായി പറയുന്നു, സഹതാരം വെങ്കടേഷ് അയ്യർ. ‘‘സത്യം പറഞ്ഞാൽ, ജയിക്കുമെന്ന് കരുതിയതല്ല. ഏവരും ഞങ്ങളുടെ സാധ്യത തള്ളിക്കളഞ്ഞതാണ്. മികച്ച ബാറ്റർമാർ നേരത്തെ മടങ്ങിയ സ്ഥിതിക്ക് മൂന്നോവറിൽ 40ലേറെ അടിച്ചെടുക്കൽ ദുഷ്‍കരം. റിങ്കു ബാക്കിയുണ്ടായിട്ടും എനിക്ക് അങ്ങനെയാണ് മനസ്സു പറഞ്ഞത്. യാഷ് ദയാലാകും അവസാന ഓവർ എറിയുകയെന്ന് അറിയാമായിരുന്നു. എന്നാൽ, രണ്ടാമത്തെ സിക്സും പിറന്നതോടെ കളി ജയിക്കുകയാണെന്ന് മനസ്സു പറഞ്ഞു. ഇത്തരം അപൂർവ സ്മൃതികൾ നല്ല മനസ്സുള്ളവർക്ക് നൽകുന്നതാണ്. റിങ്കു അങ്ങനെ ഒരുത്തനാണ്’’- അയ്യർ പറഞ്ഞു.
അഞ്ചു സിക്സ് സംഭവിക്കുമെന്ന് താനും കരുതിയില്ലെന്ന് പറയുന്നു, റിങ്കു. അടിക്കുക മാത്രമാണ് ചെയ്തതെന്നും അതൊക്കെ സിക്സ് ആകുമെന്ന് കരുതിയില്ലെന്നും താരം പറയുന്നു.
മത്സര ഫലത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.