ഐ.പി.എല്ലിന്‍റെ കണ്ടെത്തലായി ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് എത്തിയ വെടിക്കെട്ട് ബാറ്ററാണ് റിങ്കു സിങ്. ഫിനിഷർ റോളിൽ തകർപ്പൻ പ്രകടനമാണ് യുവതാരം കാഴ്ചവെക്കുന്നത്.
ട്വന്‍റി20യിൽ മാത്രമാണ് താരം ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ഇടംനേടിയ താരം ഇത്തവണ ഈ ഫോർമാറ്റിലും അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നായകൻ കെ.എൽ. രാഹുലും ഇതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഞായറാഴ്ച നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ്, റിങ്കു ഇത്തവണ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്ന് രാഹുൽ സൂചന നൽകിയത്.
ട്വന്‍റി20യിലും ആഭ്യന്തര ക്രിക്കറ്റിലും താരം കാഴ്ചവെച്ച മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് റിങ്കു ഏകദിന ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരുടെ അഭാവവും യുവതാരങ്ങൾക്ക് ടീമിലെത്തുന്നതിൽ നിർണായകമായി. വിദേശ മണ്ണിൽ ലഭിക്കുന്ന അവസരം കൃത്യമായി വിനിയോഗിക്കാനായാൽ റിങ്കു ഉൾപ്പെടെയുള്ള യുവതാതരങ്ങൾക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകും.
‘ട്വന്‍റി20 പരമ്പരയിൽ റിങ്കു കാഴ്ചവെച്ച പ്രകടനവും ആത്മവിശ്വാസവും കാണേണ്ടതായിരുന്നു. ഒരു മികച്ച കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചു. ശാന്തനായ കളിക്കാരൻ. ടിവിയിൽ അദ്ദേഹത്തിന്‍റെ കളി കാണുന്നതുപോലും വലിയ ഉന്മേഷമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. ഏകദിന പരമ്പരയിലും അദ്ദേഹത്തിന് അവസരം ലഭിക്കും -രാഹുൽ പറഞ്ഞു. വിക്കറ്റ് കീപ്പിങ് റോളിനൊപ്പം മധ്യനിരയിൽ തന്നെയാകും താൻ ബാറ്റ് ചെയ്യുകയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
‘ഈ ഏകദിന പരമ്പരയിൽ മധ്യനിരയിൽ തന്നെയാണ് ബാറ്റ് ചെയ്യുക. ടെസ്റ്റ് പരമ്പരയിൽ നായകനും പരിശീലകനും മാനേജ്മെന്‍റും ആഗ്രഹിക്കുന്ന ഏത് ജോലിയും ഏറ്റെടുക്കാൻ തയാറാണ്. ട്വന്‍റി20യിലും രാജ്യത്തിനുവേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നു’ -രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.