ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ! കോഹ്ലിയുടെ റസ്റ്റാറന്‍റിലെ ‘തീ വില’ പങ്കുവെച്ച് യുവതി; പണം വൈബിനെന്ന് കമന്‍റ്

ഒരു പ്ലേറ്റ് ചോളത്തിന് 525 രൂപ! കോഹ്ലിയുടെ റസ്റ്റാറന്‍റിലെ ‘തീ വില’ പങ്കുവെച്ച് യുവതി; പണം വൈബിനെന്ന് കമന്‍റ്

മുംബൈ: ഭക്ഷണം കഴിക്കാനായി ഫാൻസി റസ്റ്റാറന്‍റുകൾ തേടി പോകുന്നവരാണ് നമ്മളിൽ പലരും. രുചിയുള്ള ഭക്ഷണമായിരിക്കും പലരെയും ഫാൻസി റസ്റ്റാറന്‍റിലേക്ക് ആകർഷിക്കുന്നത്. മറ്റു ചിലർ ഭക്ഷണത്തേക്കാൾ ഇവിടുത്തെ അന്തരീക്ഷമായിരിക്കും ഇഷ്ടപ്പെടുന്നത്.

ഇത്തരത്തിൽ ഫാൻസി റസ്റ്റാറന്‍റുകൾ തേടി പോയവർക്ക് നല്ല പണിയും കിട്ടിയ അനുഭവമുണ്ട്. മറ്റു റസ്റ്റാറന്‍റുകളെ അപേക്ഷിച്ച് ഇവിടങ്ങളിൽ ഭക്ഷണത്തിന് തീ വില കൊടുക്കേണ്ടിവരും. അത്തരത്തിലുള്ളൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ എന്ന യുവതി. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ റസ്റ്റാറന്‍റിലാണ് യുവതി കയറിയത്.

ഇവിടെ നിന്ന് കഴിച്ച ഒരു പ്ലേറ്റ് ചോളത്തിന് അമിത വില നൽകേണ്ടി വന്നതായി യുവതി പറയുന്നു. കഴിച്ച ഭക്ഷണത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് യുവതി അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചോളത്തിന് 525 രൂപയായി എന്ന കുറിപ്പിനൊപ്പം കരയുന്ന ഇമോജിയും പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

നിമിഷങ്ങൾക്കകം യുവതിയുടെ പോസ്റ്റ് വൈറലായി. നിരവധിപേരാണ് പോസ്റ്റിനു താഴെ പ്രതികരിച്ചത്. ഭക്ഷണത്തിനല്ല, റസ്റ്റാറന്റിലെ വൈബിനാണ് ഇത്രയും പണമെന്ന് ഒരാൾ കുറിച്ചു. മികച്ച അന്തരീക്ഷത്തിനും സർവിസിനും വൃത്തിക്കുമാണ് പണം. മനോഹരമായ പാത്രങ്ങളും കസേരയും അവിടെയുണ്ട്. പുറത്തുനിന്ന് വെറും 30 രൂപക്ക് ഇതേ ചോളം ലഭിക്കും. നിങ്ങൾക്ക് തെരഞ്ഞെടുക്കാമായിരുന്നുവെന്നും മറ്റൊരാൾ പ്രതികരിച്ചു.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഇതറിയാമായിരുന്നില്ലേയെന്ന് പോസ്റ്റ് റീട്വീറ്റ് ചെയ്ത് ഒരു ഉപയോക്താവ് ചോദിച്ചു.

സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം യുവതിയെ പിന്തുണച്ചും രംഗത്തെത്തി. ഭക്ഷണത്തിന് ഈടാക്കിയത് തീവിലയെന്നായിരുന്നു ഇവരുടെ അഭിപ്രായം. രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ എയ്റ്റ് കമ്യൂൺ റസ്റ്റാറന്‍റുകൾ പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Woman Shares Pricey Dining Experience At Virat Kohli's Restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.