ദുബൈ: ഒമ്പതാം വനിത ട്വന്റി20 ലോകകപ്പിന് കൗണ്ട് ഡൗൺ തുടങ്ങിയതോടെ ആവേശത്തിമിർപ്പിലാണ് യു.എ.ഇയിലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഒക്ടോബർ മൂന്നു മുതൽ 20 വരെ ദുബൈയിലും ഷാർജയിലുമായി നടക്കുന്ന മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇത്തവണ രണ്ട് മലയാളി താരങ്ങൾ ഇന്ത്യൻ ജഴ്സിയണിയുന്ന അഭിമാന മുഹൂർത്തത്തിന് കാത്തിരിക്കുകയാണ് മലയാളി പ്രവാസ ലോകം. തിരുവനന്തപുരം സ്വദേശി ആശ ശോഭനയും വയനാട്ടുകാരി സജന സജീവനുമാണ് 15 അംഗ സ്ക്വാഡിൽ ഇടംനേടിയ മലയാളികൾ. ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തു തെളിയിച്ചാണ് രണ്ടുപേരും ഇന്ത്യൻ കുപ്പായമണിയാൻ യോഗ്യത നേടിയത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ അവസാന ഇലവനിൽ രണ്ടുപേരും ഇടം നേടുമെന്നാണ് പ്രതീക്ഷ.
ക്രിക്കറ്റിൽ സമ്മാനത്തുക ഏകീകരിച്ച ശേഷം നടക്കുന്ന ആദ്യ വനിത ട്വന്റി20 ലോകകപ്പ് എന്ന സവിശേഷതയും ഇത്തവണയുണ്ട്. കളി നിയന്ത്രിക്കാൻ വനിതകൾ മാത്രമാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ഐ.സി.സി പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്ന് മാച്ച് റഫറിമാരും വനിതകളാണ്. ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്. കൂടാതെ ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്ന വേദിയെന്ന ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം. ലോകകപ്പോടുകൂടി ഷാർജയിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 300 കവിയും. 250 അന്താരാഷ്ട്ര ഏകദിന മത്സരങ്ങൾ നടന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കോഡ് ഷാർജ ഇൗയിടെ പിന്നിട്ടിരുന്നു. രണ്ടാം സ്ഥാനത്തുള്ള സിംബാബ്വേയിലെ ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 185 ഏകദിനങ്ങളാണ് ഇതുവരെ നടന്നത്.
ബംഗ്ലാദേശിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് അവസാന നിമിഷം യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യ ഗ്രൂപ് ‘എ’യിൽ ആസ്ട്രേലിയ, പാകിസ്താൻ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ് മാറ്റുരക്കുന്നത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സ്കോട്ട്ലൻഡ് ഗ്രൂപ് ‘ബി’യിൽ. ഒക്ടോബർ നാലിന് ദുബൈ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിന് പാകിസ്താനെതിരെയാണ് രണ്ടാം മത്സരം. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ആസ്ട്രേലിയ ഉൾപ്പെടെ ശക്തരായ ടീമുകളാണ് ഗ്രൂപ് ‘എ’യിൽ ഇന്ത്യക്കൊപ്പമുള്ളത്. യു.എ.ഇയിലെത്തിയ ഇന്ത്യൻ ടീം കോച്ച് അമോൽ മസുംദാറിന്റെ ശിക്ഷണത്തിൽ ഷാർജയിലും ദുബൈയിലുമായി പരിശീലനം തുടരുകയാണ്. 2020ൽ ആസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിൽ നിർഭാഗ്യംകൊണ്ട് കൈവിട്ടുപോയ ലോകകപ്പ് നേടി കന്നിക്കിരീടത്തിൽ മുത്തമിടാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇന്ത്യൻ ടീം.
സ്ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ്, ദയാലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്.
ദുബൈ: വനിത ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റിൻഡീസിന് 142 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റിന് 141 റൺസെടുത്തു. 40 പന്തിൽ 52 റൺസടിച്ച ജെമീമ റോഡ്രിഗസാണ് ടോപ് സ്കോറർ. യാസ്തിക ഭാട്യ 24 റൺസ് നേടി മടങ്ങി. ഓപണർമാരായ ഷഫാലി വർമ (7), സ്മൃതി മന്ദാന (14), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (1), റിച്ച ഘോഷ് (7) എന്നിവർ വേഗത്തിൽ മടങ്ങി. 13 റൺസുമായി ദീപ്തി ശർമ പുറത്താവാതെ നിന്നു. വിൻഡീസ് ബൗളർമാരിൽ ഹെയ്ലി മാത്യൂസ് നാല് വിക്കറ്റ് വീഴ്ത്തി മിന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.