ബംഗളൂരു: വനിത പ്രീമിയര്‍ ലീഗ് 2025 മിനി ലേലത്തിൽ കോടിപതികളായി ദേശീയ ജഴ്സി അണിയാത്ത പുതുമുറക്കാർ. മുംബൈയിലെ ധാരാവിയിൽ കളിച്ചുവളർന്ന 22കാരി സിംറാൻ ശൈഖിനെ 1.90 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.
വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ടിൻ 1.7 കോടി രൂപക്ക് ഗുജറാത്തിലെത്തി. 16കാരിയായ തമിഴ്നാട്ടുകാരി ജി. കമാലിനിയും ലേലത്തിൽ വലിയ നേട്ടമുണ്ടാക്കി. 1.6 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സാണ് താരത്തെ വിളിച്ചെടുത്തത്. പ്രഥമ സീസണിൽ 10 ലക്ഷം രൂപക്ക് യു.പി വാരിയേഴ്സ് സ്വന്തമാക്കിയ സിംറാൻ ഒമ്പതു മത്സരങ്ങൾ കളിച്ചിരുന്നു. മിനി താരലേലത്തിൽ ലെഗ് സ്പിന്നർ സിംറാന്റെ അടിസ്ഥാന വില 10 ലക്ഷം രൂപയായിരുന്നു.
10 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന കമാലിനിയെ ഡൽഹി കാപിറ്റൽസുമായി കടുത്ത പോരാട്ടം നടത്തിയാണ് മുംബൈ സ്വന്തമാക്കിയത്. ആഭ്യന്തര ടൂർണമെന്റുകളിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ടീമുകളുടെ പ്രിയങ്കരിയാക്കിയത്.
ഒക്ടോബറിൽ നടന്ന വനിതകളുടെ അണ്ടർ 19 ട്വന്റി20 ട്രോഫിയിൽ തമിഴ്നാടിന് കിരീടം നേടിക്കൊടുക്കുന്നതിൽ കമാലിനി നിർണായക പങ്കുവഹിച്ചിരുന്നു. എട്ടു മത്സരങ്ങളിൽനിന്ന് 311 റൺസാണ് ഇടങ്കൈ ബാറ്ററായ കമാലിനി സ്വന്തമാക്കിയത്. പ്രേമ റാവത്തിനെ 1.20 കോടിക്ക് ബംഗളൂരുവും എൻ. ചരണിയെ 55 ലക്ഷത്തിന് ഡൽഹിയും സ്വന്തമാക്കി.
മൂന്ന് മലയാളി താരങ്ങളെയും ടീമുകള്‍ നിലനിര്‍ത്തിയിരുന്നു. ആശ ശോഭന റോയൽ ചലഞ്ചേഴ്സിലും സജന സജീവൻ മുംബൈ ഇന്ത്യൻസിലും മിന്നുമണി ഡൽഹി കാപിറ്റൽസിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.