സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരാവാണ് പ്രധാന തലക്കെട്ട്. 2022 ഡിസംബറിൽ ആക്സിഡന്‍റ് പറ്റിയതിന് ശേഷം ഇപ്പോഴാണ് താരം ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരു സൂപ്പർതാര പരിവേഷമുള്ള താരമാണ് പന്തിന്‍റെ തിരിച്ചുവരവ് ആരാധകർ ആഘോഷമാക്കുകയാണ്.
ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ടീമിലെ സർപ്രൈസ് എൻട്രിയാണ് ലെഫ്റ്റ് ഹാൻഡ് പേസ് ബൗളർ യാഷ് ദയാൽ. 26 വയസുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ താരത്തിന് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വിളി വരുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്ന യാഷ് ദയാലിന് പക്ഷെ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഐ.പി.എൽ മത്സരമുണ്ട്. 2023ൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു യാഷ് ദയാൽ എന്നും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത മത്സരം നടന്നത്. ആ മത്സരത്തിന് ശേഷം അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നോ ഇന്ത്യൻ ടീമിൽ സെലക്ട് ചെയ്യപ്പെടുമെന്നോ ആരും കരുതിയിട്ടുണ്ടാവില്ല.
2023 ഐ.പി.എൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ താരമായിരുന്നു യാഷ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹത്തെ റിങ്കു സിങ് ടാർഗറ്റ് ചെയ്യുകയും ഒരോവറിൽ അഞ്ച് സിക്സറിന് പായിക്കയും ചെയ്തിരുന്നു. അവസാന അഞ്ച് പന്തിൽ 28 റൺസ് വേണ്ടിയിരിക്കെയാണ് റിങ്കു അഞ്ച് പന്തും സിക്സറിന് പായിച്ച് മത്സരം വിജയിച്ചത്. മത്സരത്തിന് ശേഷം ദയാലിന്‍റെ അമ്മക്ക് അസുഖം ബാധിച്ചിരുന്നു. എന്നാൽ അദ്ദേഹം വിട്ടുനൽകാൻ തയ്യാറല്ലായിരുന്നു. ഈ വർഷത്തെ ഐ.പി.എൽ സീസണിൽ ആർ.സി.ബിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ദയാൽ തിരിച്ചുവരവ് നടത്തി. 14 മത്സരം ആർ.സി.ബിക്കായി കളിച്ച ദയാൽ 15 വിക്കറ്റ് നേടി.
2018ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ദയാൽ 24 മത്സരത്തിൽ നിന്നുമായി 76 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ രണ്ട് മത്സരം പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരം സെപ്റ്റംബർ 19നും രണ്ടാം മത്സരം സെപ്റ്റംബർ 27നുമാണ് ആരംഭിക്കുക. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശ്വസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.