ജയ്സ്വാൾ മുംബൈ വിട്ട് ഗോവയിലേക്ക്; പിന്നിൽ ടീം മാനേജ്മെന്‍റുമായുള്ള ഭിന്നതയോ അതോ ക്യാപ്റ്റൻസി വാഗ്ദാനമോ?

ജയ്സ്വാൾ മുംബൈ വിട്ട് ഗോവയിലേക്ക്; പിന്നിൽ ടീം മാനേജ്മെന്‍റുമായുള്ള ഭിന്നതയോ അതോ ക്യാപ്റ്റൻസി വാഗ്ദാനമോ?

മുംബൈ: സൂപ്പർതാരം യശസ്വി ജയ്സ്വാൾ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ വിട്ട് ഗോവ ടീമിലേക്ക് കളംമാറുന്ന വാർത്ത ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. വർഷങ്ങളായി ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കുവേണ്ടി കളിക്കുന്ന ഇന്ത്യൻ ഓപ്പണറുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാൽ ജയ്സ്വാൾ മുംബൈ വിടുകയാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ നൽകിയ വിശദീകരണം. പിന്നാലെ നിലപാട് വ്യക്തമാക്കി താരവും രംഗത്തുവന്നിരുന്നു. ഗോവയുടെ ക്യാപ്റ്റൻസി വാഗ്ദാനമാണ് ഇത്തരത്തിലൊരു തീരുമാനത്തിനുപിന്നിലെന്നാണ് താരം വ്യക്തമാക്കിയത്. ‘എനിക്കിത് ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ഇന്ന് ഞാൻ എന്താണോ അതിന് കാരണം മുംബൈയാണ്. എന്നെ ഞാനാക്കിയത് ഈ നഗരമാണ്, എന്റെ ജീവിതകാലം മുഴുവൻ എം.സി.എയോട് കടപ്പെട്ടിരിക്കും’ -ജയ്‌സ്വാൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഗോവ എനിക്ക് ഒരു പുതിയ അവസരം തന്നു, ടീമിന്‍റെ ക്യാപ്റ്റൻസി പദവി വാഗ്ദാനം ചെയ്തു. ഇന്ത്യക്കുവേണ്ടി നന്നായി കളിക്കുക എന്നതാണ് മുഖ്യലക്ഷ്യം. ദേശീയ ടീമിനൊപ്പമില്ലാത്ത സമയങ്ങളിൽ ഗോവക്കുവേണ്ടി കളിക്കാനിറങ്ങും. ടൂർണമെന്‍റിൽ ടീമിനെ മുന്നോട്ടു നയിക്കണം. ഇത് എനിക്ക് ലഭിച്ചൊരു അവസരമാണെന്നും ജയ്സ്വാൾ പ്രതികരിച്ചു.

അതേസമയം, ജയ്സ്വാളിന്‍റെ ടീം മാറ്റത്തിനു പിന്നിൽ മുംബൈ മാനേജ്മെന്‍റുമായുള്ള ഭിന്നതയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ രണ്ടാം ഇന്നിങ്സിനിടെ ടീമിലെ മുതിർന്ന താരവുമായി തർക്കമുണ്ടായിരുന്നു. ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെ മുതിർന്ന താരം ചോദ്യം ചെയ്തതോടെയാണ് അസ്വാരസ്യങ്ങൾ തുടങ്ങുന്നത്. ഇതിനു മറുപടിയായി ഒന്നാം ഇന്നിങ്സിൽ മുതിർന്ന താരം കളിച്ച ഷോട്ടിനെയും ജയ്സ്വാൾ ചോദ്യം ചെയ്തിരുന്നു.

അടുത്ത സീസൺ മുതൽ ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്കുവേണ്ടി കളിക്കാനിറങ്ങാനാണ് ജയ്സ്വാളിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നിരാക്ഷേപ പത്രം ആവശ്യപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന് താരം കത്ത് നൽകി.

അവസരങ്ങൾ കുറഞ്ഞതോടെ ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ മകൻ അർജുനും സിദ്ദേശ് ലാഡും മുംബൈ വിട്ട് ഗോവ ടീമിലേക്ക് മാറിയിരുന്നു.

അണ്ടർ -19 മുതൽ മുംബൈ ടീമിനുവേണ്ടി കളിക്കുന്ന ജയ്സ്വാൾ, വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 3712 റൺസാണ് താരം നേടിയത്. 60.85 ആണ് ശരാശരി. 13 സെഞ്ച്വറികളും 12 അർധ സെഞ്ച്വറികളും നേടി. 265 റൺസാണ് ഉയർന്ന സ്കോർ. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്.

Tags:    
News Summary - Yashasvi Jaiswal Quits Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.