'ധോണി നിങ്ങൾ കണ്ണാടിയിൽ നോക്കണം, നിങ്ങൾ എന്താണ് എന്‍റെ മകനോട് ചെയ്തത്?'; മുൻ നായകനെതിരെ ആഞ്ഞടിച്ച് യോഗ് രാജ് സിങ്

മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്‍റെ അച്ഛനുമായ യോഗ് രാജ് സിങ്. യുവരാജ് സിങ്ങിന്‍റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്ന വാദം പല പൊതുവേദികളിലും ആരോപിച്ച വ്യക്തിയാണ് യോഗ് രാജ് സിങ്. എന്നാൽ യുവരാജ് ഇതിനെയൊന്നും ഇതുവരെ പിന്തുണച്ചിട്ടില്ല. അതോടൊപ്പം ധോണിയെ കുറിച്ച് എന്നും അദ്ദേഹം നല്ലത് മാത്രമെ പറഞ്ഞിട്ടുള്ളൂ. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയ 2007 ട്വന്‍റി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും പ്രധാന പങ്കുവഹിച്ച താരമാണ് യുവരാജ് സിങ്.

എന്നാൽ യുവരാജിന്‍റെ കരിയർ നശിപ്പിച്ചതിന് ധോണിയോട് ഒരിക്കലും പൊറുക്കില്ല എന്ന് പറയുകയാണ്  യോഗ് രാജ് സിങ്. സീ സ്വിച്ച് (Zee Switch) എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ധോണിയോട് ഞാൻ ഒരിക്കലും പൊറുക്കില്ല. അവൻ കണ്ണാടിയിൽ അവന്‍റെ മുഖം ഒന്നു നോക്കണം. അവൻ വലിയ ക്രിക്കറ്റ് താരമാണ്. എന്നാൽ എന്താണ് അവൻ എന്‍റെ മകനോട് ചെയ്തത് ജീവിതത്തിൽ പൊറുക്കാൻ സാധിക്കാത്ത കാര്യമാണ്. എന്‍റെ ജീവിതത്തിൽ എന്നോട് തെറ്റ് ചെയ്തവരോട് ഞാൻ രണ്ട് കാര്യങ്ങൾ മാത്രം ചെയ്തിട്ടില്ല. ഞാൻ മാപ്പ് നൽകില്ല, പിന്നീട് ഒരിക്കലും ഞാൻ അവരെ കെട്ടിപിടിക്കില്ല. അതിപ്പോൾ എന്‍റെ ബന്ധുക്കാരായാലും മക്കളായാലും,' യോഗ് രാജ് പറഞ്ഞു.

യുവരാജിന് ഇനിയും ഒരു നാലഞ്ച് വർഷം ക്രിക്കറ്റ് കളിക്കാമായിരുന്നുവെന്നും യോഗ് രാജ് പറഞ്ഞു. ' അവൻ എന്‍റെ മകന്‍റെ ജീവിതം തകർത്തു, ഒരു അഞ്ചാറ് വർഷം കൂടി യുവരാജിന് കളിക്കാൻ സാധിക്കുമായിരുന്നു. യുവരാജിനെ പോലെ ഒരു മകനെ ജനിപ്പിക്കാൻ ഞാൻ എല്ലാവരെയും വെല്ലുവിളിക്കുന്നു. ഗൗതം ഗംഭീറും, വിരേന്ദർ സേവാഗ് വരെ പറഞ്ഞിട്ടുണ്ട് ഇനിയൊരു യുവരാജ് സിങ് ഉണ്ടാവില്ലയെന്ന്. ക്യാൻസർ വെച്ച് കളിച്ച് ലോകകപ്പ് നേടികൊടുത്തതിന് യുവരാജിന് ഇന്ത്യ ഭാരത് രത്ന നൽകണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യക്കായി 402 മത്സരത്തിൽ കളിച്ച യുവരാജ് സിങ് 11.178 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. 17 സെഞ്ച്വറിയും 71 അർധസെഞ്ച്വറിയും അദ്ദേഹം ഇന്ത്യക്കായി സ്വന്തമാക്കിയിട്ടുണ്ട്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോൾ പ്ലെയർ ഓഫ ദി ടൂർണമെന്‍റ് നേടിയത് യുവരാജ് സിങ്ങായിരുന്നു.

Tags:    
News Summary - yograj singh blames ms dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.