‘ദന’ ചുഴലിക്കാറ്റ്: ദേശീയ ജൂനിയർ മീറ്റ് മാറ്റി; പാതിവഴിയിൽ മടങ്ങി കേരള താരങ്ങൾ

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന ‘ദന’ ചുഴലിക്കാറ്റ് കാരണം, ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റ് നവംബർ അവസാന വാരത്തിലേക്ക് മാറ്റി. ചൊവ്വാഴ്ച ചേർന്ന അത്‍ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ)യുടെ അടിയന്തര യോഗമാണ് മീറ്റ് മാറ്റാൻ തീരുമാനിച്ചത്.

വിവേക് എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് യാത്രതിരിച്ച കേരള താരങ്ങൾ വിവരമറിഞ്ഞതോടെ യാത്ര മതിയാക്കി നാട്ടിലേക്ക് തിരിച്ചു. എറണാകുളത്തുനിന്നും പാലക്കാടു നിന്നും ട്രെയിനിൽ കയറാനിരുന്നവരും തിരിച്ചുപോയതായി സംസ്ഥാന അത്‍ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 35 പേരായിരുന്നു ട്രെയിനിൽ പോകാനിരുന്നത്. കേരള ടീമിൽ 108 താരങ്ങളാണുണ്ടായിരുന്നത്. ചിലർ വിമാന മാർഗം പോകാൻ തീരുമാനിച്ചിരുന്നു. സർക്കാർ യാത്രാചെലവ് മുൻകൂറായി അനുവദിക്കാത്തതിനാൽ സ്വന്തം പണം മുടക്കിയായിരുന്നു യാത്ര.

‘ദന’ ചുഴലിക്കാറ്റ് ഒഡിഷയിലും എത്തുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ട്രെയിനുകളടക്കം റദ്ദാക്കുന്നത് താരങ്ങൾക്ക് ബുദ്ധിമുട്ടാകും. ഈ മാസം 25 മുതൽ 29 വരെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ. ഇതേ സ്റ്റേഡിയത്തിൽ നവംബർ ആദ്യവാരം മുതൽ വീണ്ടും ഐ.എസ്.എൽ കളികൾ നടക്കേണ്ടതിനാൽ ഇനി അവസാന വാരം ദേശീയ ജൂനിയർ മീറ്റ് നടത്തും.

തേഞ്ഞിപ്പലത്ത് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ മീറ്റ് നടത്താൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ, പലകാരണത്താൽ സംസ്ഥാന അത്‍ലറ്റിക് അസോസിയേഷൻ പിന്മാറുകയായിരുന്നു. സംസ്ഥാന സ്കൂൾ കായികമേളക്ക് പ്രാധാന്യം നൽകുന്ന ചില താരങ്ങൾ ജൂനിയർ മീറ്റിൽ നിന്ന് പിന്മാറിയിരുന്നു. ദേശീയ മീറ്റിൽ എൻട്രി നൽകിയിട്ടുണ്ടെങ്കിൽ ഇവർക്ക് അവസരം നൽകും. എൻട്രി നൽകാത്തവർക്ക് വീണ്ടും എൻട്രി നൽകാൻ അവസരം ലഭിക്കില്ല.

Tags:    
News Summary - Cyclone 'Dana': National junior meet postponed; Kerala players returned halfway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.