കോഴിക്കോട്: ഹീറോ സൂപ്പർ കപ്പിൽ ബംഗളൂരൂവിനോട് പ്രതികാരം തീർക്കുന്നത് കാണാൻ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇരച്ചുകയറിയ ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ പുറത്താവൽ ഉണ്ടാക്കിത് കടുത്ത ആഘാതം. എ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബംഗളൂരു എഫ്.സിയുമായി 1-1ന് സമനിലയിലായതോടെ ഗ്രൂപ്പിൽ അഞ്ചു പോയന്റുമായാണ് ബ്ലാസ്റ്റേഴ്സ് പുറത്തായത്. മഞ്ചേരിയിൽ നടന്ന ശ്രീനിധി-റൗണ്ട് ഗ്ലാസ് മത്സരത്തിൽ റൗണ്ട് ഗ്ലാസ് വിജയിച്ചതിനാൽ ബംഗളൂരുവിനെതിരെ ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താമായിരുന്നു.
ഐ.എസ്.എൽ നോക്കൗട്ടിലെ വിവാദ മത്സരത്തിൽ ബംഗളൂരുവിന്റെ തട്ടകത്തിൽ ഏറ്റ മുറിവിന് സ്വന്തം മണ്ണിൽ ബ്ലാസ്റ്റേഴ്സ് പകരം വീട്ടുന്നത് കാണാനാണ് 25,000ത്തോളം കാണികൾ കോർപറേഷൻ സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത്. മഞ്ഞപ്പടയുടെ മുന്നേറ്റത്തിനായി ആർത്തുവിളിച്ച ആരാധകരെ നിരാശരാക്കി 23ാം മിനിറ്റിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കുലുക്കി. റോയ് കൃഷ്ണയായിരുന്നു ഗോൾ കുറിച്ചത്. സ്വന്തം ഹാഫിൽനിന്ന് ഹാവിയർ ഹെർണാണ്ടസ് കൊരുത്തെടുത്ത മുന്നേറ്റം അവസാന നിമിഷം ഇടതുവിങ്ങിലൂടെ ഓടിക്കയറിയ റോയ് കൃഷ്ണയ്ക്ക് മറിച്ചുനൽകി. റോയ് കൃഷ്ണയുടെ ഷോട്ട് ഗോളി സചിൻ സുരേഷ് തടഞ്ഞെങ്കിലും റീബൗണ്ടായി വീണ്ടും റോയിയുടെ കാലുകളിൽ. വലയിലേക്ക് പന്ത് കയറുന്ന നിമിഷനേരം അത് തടയാൻ വിക്ടർ മോൻഗിൽ പാഞ്ഞെത്തിയെങ്കിലും മോൻഗിലിന്റെ തന്നെ കാലിൽ തട്ടി പന്ത് സ്വന്തം വലക്കുള്ളിൽ കയറി.
രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ കിണഞ്ഞുശ്രമിച്ച ബ്ലാസ്റ്റേഴ്സിന് 77ാം മിനിറ്റുവരെ കാക്കേണ്ടിവന്നു. ക്യാപ്റ്റൻ ഡയമന്റകോസ് ദിമിത്രിയോസിന്റെ തലയിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോൾ. സബ്സ്റ്റിറ്റ്യൂട്ട് ഹോർമിപാം ബംഗളൂരു ഗോൾമുഖത്തേക്ക് മറിച്ചുനൽകിയ ക്രോസ് പ്രതിരോധക്കാരൻ റോഷൻ സിങ് തടയാൻ ശ്രമിക്കുന്നതിനിടയിലെ കൂട്ടപ്പൊരിച്ചിലിൽ ഹെഡ് ചെയ്ത ദിമിത്രിയോസ് ഇടതു മൂലയിലേക്ക് പന്ത് ചെത്തിയിറക്കുമ്പോൾ തിങ്ങിനിറഞ്ഞ ഗാലറി പൊട്ടിത്തെറിച്ചു. ഗോൾ മടക്കിയ ആവേശത്തിൽ ബ്ലാസ്റ്റേഴ്സ് തുടരെ ആക്രമണം തൊടുത്തെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. അവസാന നിമിഷം കിട്ടിയ കോർണറും ലക്ഷ്യത്തിലെത്താതായപ്പോൾ അവസാന വിസിലും മുഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.