മുൻ കാമുകിയുടെ മർദന ആരോപണം; ബ്രസീൽ ടീമിൽനിന്ന് പുറത്തായ ആന്റണിക്ക് യുനൈറ്റഡിൽ അനിശ്ചിതകാല അവധി

ബ്രസീലിയ: ക്രൂരമായി മർദിച്ചെന്ന മുൻ കാമുകിയുടെ ആരോപണത്തെ തുടർന്ന് ബ്രസീൽ ദേശീയ ടീമിൽനിന്ന് പുറത്താക്കപ്പെട്ട മാഞ്ചസ്റ്റർ യുനൈറ്റഡ് വിങ്ങർ ആന്റണിക്ക് ക്ലബിൽനിന്ന് അനിശ്ചിതകാല അവധി. താരവും ക്ലബും തമ്മിലുള്ള ധാരണയിലാണ് അവധിയെന്നാണ് സൂചന. താരത്തിനെതിരെ മാഞ്ചസ്റ്ററിലും സാവോ​ പോളോയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാല അവധി അനുവദിച്ചത്.

‘എനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ തുടർന്ന് കളിയിൽനിന്ന് വിട്ടുനിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡുമായി ധാരണയായിട്ടുണ്ട്. എന്റെ ടീമംഗങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും ക്ലബിന് വേണ്ടിയുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനുമുള്ള പരസ്പര തീരുമാനമാനത്തിന്റെ ഭാഗമാണിത്. എനിക്കെതിരെ ഉന്നയിക്കപ്പെട്ട കാര്യങ്ങളിൽ എന്റെ നിരപരാധിത്വം ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സത്യം കണ്ടെത്താൻ ഞാൻ പൊലീസുമായി പൂർണമായും സഹകരിക്കും. എത്രയും വേഗം കളിയിലേക്ക് മടങ്ങിവരാൻ ഞാൻ ആഗ്രഹിക്കുന്നു’, താരം പ്രസ്താവനയിൽ പറഞ്ഞു.

പീഡന ആരോപണത്തെ തുടർന്ന് ബൊളീവിയക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ആന്റണിക്ക് പകരം ആഴ്സനൽ സ്‌ട്രൈക്കർ ഗബ്രിയേൽ ജീസസിനെ ബ്രസീൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് 23കാരനെ ടീമിൽനിന്ന് പിൻവലിച്ചതെന്നായിരുന്നു ബ്രസീലിയൻ ഫുട്ബാൾ ഫെഡറേഷന്റെ വിശദീകരണം.

ജനുവരി 15ന് മാഞ്ചസ്റ്ററിലെ ഹോട്ടൽ മുറിയിൽവെച്ച് മുൻ കാമുകി ഗബ്രിയേല കവാലിനെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പരാതിക്കാരി പറഞ്ഞു. ബ്രസീലിയൻ വാർത്ത ഏജൻസിയായ യു.ഒ.എൽ തിങ്കളാഴ്ചയാണ് അതിക്രമം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. എന്നാൽ, ആരോപണങ്ങൾ തെറ്റാണെന്നും അത് തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നും ആന്റണി സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

Tags:    
News Summary - Alleged assault by ex-girlfriend; Antony, who was left out of the Brazil team, has an indefinite leave at United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.