മിഷേൽ അലോസി 

കുട്ടികളിലെ അർബുദത്തിനെതിരെ പോരാട്ടവുമായി ലോകകപ്പ് ഫുട്ബാളിൽ നിന്നൊരു മാലാഖ...!

സ്‌ട്രേലിയയും ന്യൂസിലണ്ടും വേദിയാകുന്ന വനിതാ ലോകകപ്പിൽ കളിക്കുന്ന നൈജീരിയയുടെ പ്രതിരോധ നായികയുടെ പേര് മിഷേൽ അലോസി. അവളുടെ കൂട്ടുകാരികൾ അവളെ സ്നേഹത്തോടെ വിളിക്കുന്നത്‌ ഡോക്റ്റർ അലോസി...!

ദിവസത്തിന് 24 മണിക്കൂർ ദൈർഘ്യം പോരെന്നു പരാതി പറയുന്നവർ ഒരുപാടുണ്ട്. എന്നാൽ അക്ഷരാർഥത്തിൽ ആ ഗണത്തിൽപെടുന്നയാളാണ് ഉച്ചവരെ സ്റ്റെതസ്കോപ്പും വെള്ളക്കുപ്പായവുമായി അമേരിക്കയിലെ ടെക്സാസ് ചിൽഡ്രൻസ് ആശുപത്രിയിലെ പീഡിയാട്രിക് കാൻസർ ഗവേഷണ കേന്ദ്രത്തിലും, അതുകഴിഞ്ഞാൽ കാലിൽ ബൂട്ടും കെട്ടി NWSL-ലെ ഹൂസ്റ്റൺ ഡാഷിനൊപ്പം ഫുട്ബാൾ മൈതാനത്ത് മണിക്കൂറുകളോളം ചെലവഴിക്കുകയും ചെയ്യുന്ന സൂപ്പർ ജീനിയസ് മിഷേൽ അലോസി.

നൈജീരിയയിൽ നിന്നുള്ള കുടിയേറ്റക്കാരായ ചിനമയുടെയും ഗോഡ്വിന്‍റെയും മകളായി കാലിഫോണിയയിലെ ആപ്പിൾ വാലിയിൽ ജനിച്ചു. ഗ്രാനീറ്റു ഹിൽ സ്കൂളിൽ പഠിക്കുമ്പോഴേ അധ്യാപകർ കണ്ടറിഞ്ഞു തങ്ങളുടെ മുന്നിലിരിക്കുന്നത് ഒരു അസാധാരണ പ്രതിഭയാണെന്ന്. എല്ലാ പരീക്ഷകളിലും നമ്മുടെ എ പ്ലസിലും മുകളിൽ. കളിക്കളത്തിലെ അവളുടെ വേഗം കണ്ടു പിൽക്കാലത്ത് അവിടുത്തെ വലിയ ഓട്ടക്കാർ ആയിരുന്നവർ പോലും മൂക്കത്തു വിരൽ വച്ചു. ഹൈസ്കൂൾ ക്ലാസുവരെ അവളുടെ സമയം ക്ലാസ് മുറികളിലും ഇൻഡോർ സ്റ്റേഡിയത്തിലുമായി ചെലവിട്ടു.

 

പന്തുമായുള്ള സൗഹൃദം കണ്ടറിഞ്ഞ അവളുടെ പി.ഇ ടീച്ചർ അവളെ അവരുടെ ഫുട്ബാൾ റിക്രിയേഷൻ ക്ലബിൽ അംഗമാക്കി. പിന്നെയൊക്കെ മറിമായം പോലായിരുന്നു. അവളുടെ അക്കാദമിക് മികവ് അവൾക്കു യേൽ യൂണിവേഴ്സിറ്റിയിൽ അണ്ടർ ഗ്രാജ്വേറ്റ് ഫെല്ലോഷിപ്പ് നേടിക്കൊടുത്തു. അന്നാണവൾ പന്തുകളി സീരിയസ് ആയിട്ടെടുത്തത്. 2015 -18 കാലഘട്ടത്തിൽ യേൽ ബുൾ ഡോഗ്സിന്‍റെ കളിക്കാരിയായി. 2021 ആയപ്പോഴേക്കും ഹൂസ്റ്റൻ ഡാഷിന്‍റെ പ്രഫഷണൽ കളിക്കാരി. ഫോർവേഡ് ആയിട്ടായിരുന്നു തുടക്കം.

പിന്നെ പ്രതിരോധ നിരയുടെ ചുമതലയിൽ ആ കളിമികവ് അങ്ങ് നൈജീരിയയിലും ചെന്നെത്തി. 2021ൽ അവരുടെ ദേശീയ കോച്ച് അമേരിക്കയിൽ ചെന്നു സൂപ്പർ ഫാൽക്കന്‍റെ പച്ച ജേഴ്സി അവൾക്കു നൽകി. അതോടെ ഇതുവരെ 18 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും നേടി. ഇതൊക്കെ സാധാരണ കാര്യങ്ങൾ. തുടർന്നാണ് വിഖ്യാതമായ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പീഡിയാട്രിക് കാൻസർ വിഭാഗത്തിൽ ഗവേഷണ പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കുന്നത്.

 

അന്നുമുതൽ അവൾ ഫുട്ബാൾ ഡ്രിബിൾ ചെയ്യുകയാണ്. കുട്ടികളുടെ കാൻസർ വാർഡിൽ നിന്ന് പതിനായിരങ്ങൾ കാത്തിരിക്കുന്ന ഫുട്ബാൾ മൈതാനങ്ങളിലേക്ക്, രണ്ടും ഒരേ മികവോടെ.

നൈജീരിയക്കു വേണ്ടി ലോകകപ്പിൽ മുത്തമിടണമെന്നും ഈ ഭൂമുഖത്ത് നിന്ന് കുട്ടികളുടെ ജീവനെടുക്കുന്ന ലൂക്കിമിയയും തലച്ചോറിനെയും നാഡീവ്യൂഹങ്ങളേയും കടന്നാക്രമിക്കുന്ന മാരക രോഗത്തെയും എന്നെത്തേക്കും തൂത്തുമാറ്റുവാനുമുള്ള മരുന്നുകൾ കണ്ടെത്തണംമെന്നാണ് ഈ ലോകകപ്പ് ഫുട്ബാൾ കളിക്കാരിയുടെ മോഹം...!

Tags:    
News Summary - An angel from World Cup football fights against children cancer...!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.