മഡ്രിഡ്: മധ്യനിരയിൽനിന്ന് മുന്നേറ്റങ്ങളിലേക്ക് ഫ്രാൻസിനുവേണ്ടി അഴകുറ്റ പന്തടക്കത്തോടെ വലനെയ്തു കയറാൻ ഇനി അന്റോയിൻ ഗ്രീസ്മാനില്ല. ഫ്രഞ്ച് ദേശീയ ടീമിനൊപ്പം പതിറ്റാണ്ടു കാലം പത്തരമാറ്റ് ഫുട്ബാൾ കാഴ്ചവെച്ച അറ്റാക്കിങ് മിഡ്ഫീൽഡർ രാജ്യാന്തര ഫുട്ബാളിന്റെ പോർവീര്യങ്ങളിൽനിന്ന് ബൂട്ടഴിച്ച് പിൻവാങ്ങി.
പത്തുവർഷത്തിനിടെ ഫ്രഞ്ച് കുപ്പായത്തിൽ നേട്ടങ്ങളേറെക്കൊയ്താണ് 33-ാം വയസ്സിൽ ഗ്രീസ്മാന്റെ വിരമിക്കൽ. 2018 ലോകകപ്പിൽ ജേതാക്കളായതാണ് ഇതിൽ പ്രധാനം. 2016 യൂറോ കപ്പിന്റെ ഫൈനലിൽ പോർചുഗലിനോട് തോൽവിയറിഞ്ഞ ടീം, ഇക്കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയോടും ഫൈനലിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഗ്രീൻസ്മാൻ ഉൾപ്പെട്ട ടീം 2021 യുവേഫ നാഷൻസ് ലീഗിൽ കിരീടം ചൂടി. ഈ മാസം നടക്കുന്ന നാഷൻസ് ലീഗ് മത്സരമാകും ദേശീയ ജഴ്സിയിൽ താരത്തിന്റെ അവസാന കളി. ഫ്രാൻസിന്റെ മധ്യനിരയിൽ സജീവ സാന്നിധ്യമായിരുന്ന ഗ്രീസ്മാൻ ഗോളടിക്കാനും അടിപ്പിക്കാനുമൊക്കെ ഏറെ മിടുക്കനായിരുന്നു. കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള ഫോർവേഡുകൾക്ക് തരാതരം പോലെ പന്തെത്തിക്കാൻ മിടുക്കുള്ള താരത്തിന്റെ അഭാവം ഫ്രാൻസിന്റെ മധ്യനിരയിൽ അൽപകാലമെങ്കിലും നിഴലിച്ചേക്കും.
സ്പാനിഷ് ലീഗിലെ മുൻനിരക്കാരായ അത്‍ലറ്റികോ മഡ്രിഡിന്റെ മുന്നണിപ്പോരാളിയാണിപ്പോൾ ഗ്രീസ്മാൻ. ‘ഹൃദയം നിറഞ്ഞ ഓർമകളുമായി ജീവിതത്തിലെ ഈ അധ്യായം ഞാൻ അവസാനിപ്പിക്കുന്നു. മനോഹരമായ ഈ യാത്രയിൽ ഏറെ നന്ദിയുണ്ട്. ഇന്ന്, വൈകാരികയുടെ മൂർധന്യത്തിൽ ഫ്രാൻസ് ദേശീയ ടീം അംഗമെന്നതിൽനിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്’ -സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിരമിക്കൽ പ്രഖ്യാപനത്തിൽ ഗ്രീസ്മാൻ പറഞ്ഞു.
2014 മാർച്ചിൽ നെതർലാൻഡ്സിനെതിരായ സൗഹൃദ മത്സരത്തിലാണ് ഗ്രീസ്മാൻ ഫ്രാൻസിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. രാജ്യാന്തര കരിയറിലുടനീളം ദിദിയർ ദെഷാംപ്സ് ആയിരുന്നു ഗ്രീസ്മാന്റെ പരിശീലകൻ. ഫ്രാൻസ് അണ്ടർ 19 ടീമിൽ കളിച്ചാണ് ദേശീയ ജഴ്സിയിൽ തുടക്കമിട്ടത്. അണ്ടർ 20, അണ്ടർ 21 ടീമുകൾക്കും ബൂട്ടണിഞ്ഞു. സീനിയർ ടീമിൽ ഇതുവരെ 137 മത്സരങ്ങളിൽനിന്ന് രാജ്യത്തിനുവേണ്ടി 44 ഗോളുകൾ സ്കോർ ചെയ്തു. ക്ലബ് തലത്തിൽ അൽപകാലം കൂടി തുടരുമെന്ന് വ്യക്തമാക്കിയ ഗ്രീസ്മാൻ, അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ കളിച്ച് ഫുട്ബാളിനോട് വിടപറയണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.