മഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസ്സിയുടെ വഴിയേ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കാൻ താനെത്തുമെന്ന് ഫ്രഞ്ച് സൂപ്പർ താരം അന്റോയിൻ ഗ്രീസ്മാൻ. ഇന്റർ മിയാമിയുടെ ഉടമസ്ഥനായ മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന് അദ്ദേഹത്തിന്റെ ക്ലബിൽ തന്നെ വേണമെന്നുണ്ടെങ്കിൽ തീർച്ചയായും പോകുമെന്ന് ‘മെയിൽ സ്പോർടി’ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗ്രീസ്മാൻ പറഞ്ഞു. നിലവിൽ സ്പാനിഷ് ലീഗിലെ മുൻനിരക്കാരായ അത്‍ലറ്റികോ മഡ്രിഡിന്റെ മുന്നണിപ്പോരാളിയാണ് ഈ 32 കാരൻ.
മേജർ സോക്കർ ലീഗിൽ കളിച്ച് കരിയറിന് അവസാനം കുറിക്കണമെന്നാണ് ആഗ്രഹമെന്ന് ഗ്രീൻസ്മാൻ പറയുന്നു. ബാഴ്സലോണയിൽനിന്ന് കഴിഞ്ഞ വർഷം സ്ഥിര ട്രാൻസ്ഫറിൽ അത്‍ലറ്റികോയിലേക്ക് മാറിയ ഗ്രീൻസ്മാന് ക്ലബിൽ മൂന്നു വർഷത്തെ കരാർ ബാക്കിയുണ്ട്. കരാർ പൂർത്തിയാവുകയും 2026ൽ 35 വയസ്സ് തികയുകയും ചെയ്യുന്നതിനു പിന്നാലെ അമേരിക്കൻ ലീഗിൽ കളിക്കാനെത്തുകയാണ് ഗ്രീൻസ്മാന്റെ മനസ്സിലിരിപ്പെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ സൂചന നൽകുന്നുണ്ട്.
‘അമേരിക്കയിൽ കളിച്ച് കളത്തിൽനിന്ന് വിടപറയണമെന്ന ആഗ്രഹം ഞാൻ തുറന്നുപറഞ്ഞിട്ടുണ്ട്. കാരണം, അമേരിക്കൻ സ്പോർട്സ് എനിക്ക് ഇഷ്ടമാണ്. മേജർ ലീഗ് സോക്കറിൽ കളിക്കുന്നത് എനിക്ക് ആസ്വദിക്കണം. ഇപ്പോൾ അത്‍ലറ്റികോയിൽ തുടരാനാണ് ഇഷ്ടപ്പെടുന്നത്. അത്‍ലറ്റികോക്കൊപ്പം കിരീട നേട്ടങ്ങളിൽ പങ്കാളിയാകണം.’
അമേരിക്കയിൽ ഫുട്ബാളിന്റെ പ്രതീകമാകാൻ മെസ്സിക്ക് കഴിയുമെന്ന് ഗ്രീൻസ്മാൻ ചൂണ്ടിക്കാട്ടി. ലിയോ ലോക ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അമേരിക്കയിൽ എത്തിയതു മുതൽ അദ്ദേഹം മത്സരങ്ങൾ ജയിച്ചുകൊണ്ടിരിക്കുന്നു. സ്റ്റേഡിയങ്ങൾ നിറയ്ക്കുന്നു, ഗോളുകളടിച്ചുകൂട്ടുന്നു. ഇന്റർ മയാമിയെ ലീഗ്സ് കപ്പ് ഫൈനലിലെത്തിച്ചു. അസാധ്യ കളിക്കാരനാണദ്ദേഹം. അദ്ദേഹത്തിന്റെ അമേരിക്കയിലെ കളികൾ ഞാൻ കാണാറുണ്ട്. മെസ്സി കളിക്കാനെത്തിയെന്നത് മേജർ സോക്കർ ലീഗിൽ സംഭവിക്കാവുന്ന ഏറ്റവും മികച്ച കാര്യമാണ്. ലീഗിന്റെ പ്രചാരത്തെ മാത്രമല്ല, കളിയുടെ നിലവാരത്തെയും അത് ഗുണപരമായി സ്വാധീനിക്കും. അമേരിക്കയിൽ ഫുട്ബാളിന്റെ മുഖമാവാൻ അദ്ദേഹത്തിന് കഴിയും’.
ബേസ്ബാളും ബാസ്കറ്റ് ബാളുമൊക്കെ താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അന്റോയിൻ പറയുന്നു. എൻ.ബി.എ, എൻ.എഫ്.എൽ മത്സരങ്ങൾ താൻ സ്ഥിരമായി കാണാറുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ നാലു വയസ്സുകാരനായ മകൻ ബേസ്ബാളും ബാസ്കറ്റ് ബാളും കളിക്കുന്നുണ്ടെന്നും വളർന്നുവരുമ്പോൾ അവന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ എന്നും ഗ്രീൻസ്മാൻ പറഞ്ഞു.
സൗദിയിലേക്ക് ഒട്ടേറെ താരങ്ങൾ കൂടുമാറുന്നതിൽ തെറ്റുപറയാനാവില്ലെന്നും ഫ്രഞ്ചുകാരൻ പ്രതികരിച്ചു. ‘ഇപ്പോൾ സൗദി അറേബ്യയിൽനിന്നുള്ള കരാറുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ആ കരാറുകളെല്ലാം വമ്പൻ തുകകളുടേതാണെന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് കാര്യങ്ങൾ നോക്കിക്കാണാൻ കഴിയണം. സാധാരണഗതിയിൽ 35 വയസ്സെന്നത് ഫുട്ബാളിൽനിന്ന് പടിയിറങ്ങുന്ന കാലമാണ്. ആ സമയത്ത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച കരാർ ലഭിക്കുമ്പോൾ പിന്നെന്തിന് ചിന്തിക്കണം’ -ഗ്രീൻസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.