ലോക ഫുട്ബാളിന്റെ തലതൊട്ടപ്പൻമാർ നയിക്കുന്ന ലോകോത്തര ടീമുകൾ മാറ്റുരച്ച ദോഫ സമ്മർ ലീഗിൽ മുഴങ്ങിയത് കേരളത്തിൽ നിന്നുള്ള ‘പുലി’ക്കുട്ടികളുടെ ഗർജനം. അണ്ടർ സെവൻ വിഭാഗത്തിലെ ഡിവിഷൻ ഒന്നിൽ മത്സരിച്ച അറേബ്യൻ സ്ട്രൈക്കേഴ്സിനെ വിജയത്തേരിലേറ്റിയതിന് പിന്നിൽ കരുത്തുകാട്ടിയത് മലയാളി താരങ്ങൾ. ടൂർണമെന്റിലെ അന്തിമ വിധിയെഴുത്തിൽ യൂറോപ്യൻമാരുടെ ചടുലതക്ക് മുമ്പിൽ കാലിടറിയെങ്കിലും ദുബൈ നഗരം സാക്ഷിയായത് കാൽപന്തു കളിയെ നെഞ്ചേറ്റിയ ഒരു ജനതയുടെ പെരുമ്പറ മുഴക്കത്തിന്. പി.എസ്.ജി, യുവന്റസ്, മാഞ്ചർസിറ്റി, ലാലിഗ, അയാക്സ്, ബായ്സ തുടങ്ങി പ്രഫഷനൽ ഫുട്ബാൾ ലോകത്തെ 30ലധികം വമ്പൻ ടീമുകളുടെ ചെറുപതിപ്പുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചതെന്ന് അറിയുമ്പോഴാണ് അറേബ്യൻ സ്ട്രൈക്കേഴ്സ് നേടിയ രണ്ടാം സ്ഥാനത്തിന് പൊൻതിളമുണ്ടെന്ന് തിരിച്ചറിയുക. ദുബൈ സ്പോർട്സ് സിറ്റിയിൽ നടന്ന ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ എസ്.കെ അലൈറ്റിനെതിരെ 4-2 എന്ന സ്കോറിന് അറേബ്യൻ സ്ട്രൈക്കേഴ്സ് അടിയറവ് പറഞ്ഞെങ്കിലും മലയാളി താരങ്ങളുടെ കാൽവഴക്കം കണ്ട് കോരിത്തരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് കോച്ചുമാർ. മലയാളികളായ റയാൻ അഷ്റഫ്, അഷസ് മിഹ്റാൻ, സഈം ഉമ്മർ, എമിൻ ഹാദി, ഇഹാൻ ഷഫ്റാസ്, മുഹമ്മദ് അഷ്ഫാഖ്, ഫർസിൻ മുഹമ്മദ് ഫായിസ് എന്നിവരാണ് അറേബ്യൻ സ്ട്രൈക്കേഴ്സിന്റെ കരുത്തരായ പോരാളികൾ. ഏഴു പേരും മലയാളികൾ. ടൂർണമെന്റിലെ ഫൈനൽ മത്സരം കൈവിട്ടെങ്കിലും ഇംഗ്ലീഷ് ഇടിവെട്ടിൽ നിന്നും ഗോൾവല കാത്ത റയാൻ അഷ്റഫ് ആണ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ. മുഹമ്മദ് അഷ്ഫാഖ് ഗോൾഡൻ ഗ്ലോബ് അവാർഡിനും അർഹനായി.
ദുബൈയുടെ മണ്ണിൽ യൂറോപ്യൻ പ്രഫഷനൽ ടീമുകളെ പോലും നിഷ്പ്രഭമാക്കിയ പ്രകടനം കാഴ്ചവെക്കാൻ ഇവരെ പടച്ചുവിട്ട അറേബ്യൻ സ്ട്രൈക്കേഴ്സിനും പത്തിൽ പത്താണ് മാർക്ക്. കേരളത്തിൽ നിന്നുള്ള മുഹമ്മദ് അസറുദ്ദീനും അരുൺ പ്രതാപുമാണ് കോച്ചുമാർ. എറണാകുളം സ്വദേശിയും കേരള സംസ്ഥാന സബ് ജൂനിയർ ടീം മുൻ പരിശീലകനുമായിരുന്നു അരുൺ പ്രതാപ്. കോച്ച് റിയാസ് മുല്ലപ്പള്ളിയാണ് അറേബ്യൻ സ്ട്രൈക്കേഴ്സിന് ചുക്കാൻ പിടിക്കുന്നത്. ഫുട്ബാളിനോടുള്ള ഇഷ്ടം മാത്രം മനസിൽ സൂക്ഷിക്കുന്ന മുൻ ഫുട്ബാൾ താരത്തിന്റെ ചിട്ടയായ പ്രവർത്തനമാണ് അറേബ്യൻ സ്ട്രൈക്കേഴ്സിനെ പുതിയ തലത്തിലേക്ക് എത്തിക്കുന്നത്. അണ്ടർ 11 ഡിവിഷൻ ത്രീയിൽ ചാമ്പ്യൻ പട്ടമണിഞ്ഞതും അറേബ്യൻ സ്ട്രൈക്കേഴ്സിന്റെ ചുണക്കുട്ടികളാണ്. ഫൈസി ഫായിസ് ആണ് ടൂർണമെന്റിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് ഷാലുവാണ് ടീമിന്റെ കോച്ച്. അൽ ഖിസൈസിലെ അൽ സലാം സ്കൂളാണ് മുഖ്യ പരിശീലന കേന്ദ്രമെങ്കിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും സമയവും സൗകര്യവും അനുസരിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലെ മൈതാനങ്ങളിലാണ് ടീമുകളുടെ പരിശീലനം. ലോക ഫുട്ബാളിന് പുതിയ വാഗ്ദാനങ്ങളെ സംഭാവന ചെയ്യുന്നതിലും അറേബ്യൻ സ്ട്രൈക്കേഴ്സ് മുൻപന്തിയിലാണെന്ന് കണക്കുകൾ പറയും. റിലയൻസ് ഫൗണ്ടേഷനിലേക്കും ബംഗ്ലൂർ എഫ്സിയിലേക്കുമായി അടുത്തിടെ ഏഴോളം താരങ്ങളെയാണ് അറേബ്യൻ സ്ട്രൈക്കേഴ്സ് സംഭാവന ചെയ്തത്.
യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ ശബാബ് അൽ അഹ്ലിയിലും അൽ നാസറിലുമെല്ലാം അറേബ്യൻ സ്ട്രൈക്കേഴ്സിന്റെ കുട്ടികൾ ഇതിനകം ഇടം പിടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ പരിശീലനത്തിന് അസരം ലഭിച്ച നിരവധി താരങ്ങൾ പയറ്റിത്തെളിഞ്ഞതും അറേബ്യൻ സ്ട്രൈക്കേഴ്സിൽ നിന്നാണ്. സാമ്പത്തിക നേട്ടത്തേക്കാൾ തന്റെ ലക്ഷ്യം കുട്ടികളുടെ ഭാവി വാർത്തെടുക്കുക എന്നതാണെന്ന് അരുൺ പ്രതാപ് പറയുന്നു. മികച്ച അകാദമികളിൽ പ്രഫഷനൽ കോച്ചുമാർക്ക് കീഴിൽ തുടക്കത്തിലെ പരിശീലനം നേടാനായാൽ കുട്ടികൾക്ക് ഭാവിയിൽ അത് കൂടുതൽ സഹായകരമാവുമെന്നാണ് കോച്ച് അരുണിന്റെ വിലയിരുത്തൽ. ഇതിനായി രക്ഷിതാക്കൾ ശ്രമിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.