സർക്കാർ സർവിസിൽ സ്പോർട്സ് ക്വോട്ടയിൽ ജോലിക്ക് അപേക്ഷിച്ചിട്ടും നൽകാത്തതിനെതിരെ തുറന്നടിച്ച ഇന്ത്യൻ ഫുട്ബാൾ താരങ്ങൾക്ക് പിന്തുണയുമായി കൂടുതൽ ദേശീയ താരങ്ങൾ രംഗത്തെത്തി. ഇന്ത്യൻ ടീമിൽ കളിച്ച താരങ്ങൾ ജോലിക്ക് വേണ്ടി യാചിച്ച് നടക്കുന്നത് നാണക്കേടാണെന്നും ഈ അവസ്ഥ കാണുമ്പോൾ വലിയ വിഷമമാണ് തോന്നുന്നതെന്നും ഇന്ത്യൻ ഫുട്ബാൾ താരം അഷിഖ് കുരുണിയൻ പറഞ്ഞു.
സന്തോഷ് ട്രോഫിയിലും യൂണിവേഴ്സിറ്റി ടീമിലും കളിച്ചവർക്ക് വരെ ജോലി ഉണ്ടെന്നിരിക്കെ ദേശീയ ടീമിൽ കളിച്ചവർ ജോലിക്കായി യാചിക്കുമ്പോൾ പുതിയ തലമുറയിലെ ഫുട്ബാൾ കളിക്കാർക്ക് മോശം സന്ദേശമാണ് നൽകുന്നതെന്നും ആഷിഖ് വ്യക്തമാക്കി.
ജോലിക്കിടെ ലീവെടുത്ത് പ്രഫഷണൽ ഫുട്ബാളിലും ദേശീയ ടീമിലും കളിക്കാവുന്ന സാഹചര്യമാണ് വേണ്ടത്. ഇവിടെ ജോലിയുള്ള കളിക്കാർക്ക് പിന്നിട് ഒരിക്കലും പ്രഫഷണലിലോ ദേശീയ ടീമിലോ എത്താനാകുന്നില്ല എന്നതാണ് പ്രശ്നം. മറ്റു സംസ്ഥാനങ്ങളിലൊക്കെ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ആഷിഖ് വ്യക്തമാക്കി.
ജോലിക്ക് അപേക്ഷിച്ചിട്ടും നൽകാത്തതിനെതിരെ ആദ്യം തുറന്നടിച്ചത് ഇന്ത്യയുടെ അന്താരാഷ്ട്ര താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയുമാണ് നിരവധി തവണ ജോലിയുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയിട്ടും ഓഫിസുകൾ കയറിയിറങ്ങിയിട്ടും അധികൃതർ ഓരോ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്നായിരുന്നു ഇവർ സമൂഹമാധ്യമങ്ങളിൽ തുറന്നടിച്ചത്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ, കേരള പൊലീസ് താരവുമായ യു. ഷറഫലിക്കെതിരെയാണ് കുറിപ്പിലെ പ്രധാന ആരോപണം.
അപേക്ഷ അയക്കാന്‍ വിരമിക്കുന്നതുവരെ കാത്തുനിന്നതാണ് ജോലി കിട്ടാന്‍ തടസ്സമെന്നും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അപേക്ഷ അയച്ചിരുന്നെങ്കില്‍ മുന്നേതന്നെ ജോലി കിട്ടിയിട്ടുണ്ടാവുമെന്നായിരുന്നു ഷറഫലിയുടെ പരാമര്‍ശം.
അനസ് എടത്തൊടികക്കും റിനോ ആന്റോണിക്കും പിന്നാലെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് റാഫിയും രംഗത്തെത്തിയിരുന്നു. ദേശീയ ടീമിൽ കളിക്കാൻ പോയപ്പോൾ കാരണം പോലും പറയാതെ പിരിച്ചുവിട്ടെന്നും ജോലി തിരികെ ആവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഉന്നതരെ കണ്ടിട്ടും പ്രയോജനമുണ്ടായില്ലെന്ന് മുഹമ്മദ് റാഫി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.