കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മധ്യനിരയിലെ കരുത്ത് ആഷിഖ് കുരുണിയൻ ഐ.എസ്.എല്ലിന്റെ അടുത്ത സീസണിൽ കൊൽക്കത്ത എ.ടി.കെ മോഹൻബഗാന് വേണ്ടി കളിക്കും. അഞ്ച് വർഷത്തേക്കാണ് കരാർ. കൊൽക്കത്തയിൽ കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണെന്ന് ആഷിഖ് പറഞ്ഞു.
മൂന്നു കൊല്ലം ആഷിഖ് ജഴ്സിയണിഞ്ഞ ബംഗളൂരു എഫ്.സി, മലയാളി താരത്തിന് യാത്രാമംഗളങ്ങൾ നേർന്നു. കഴിഞ്ഞ നാലു വർഷത്തോളമായി ഇന്ത്യൻ ടീമിന്റെയും അവിഭാജ്യഘടകമാണ്. 25 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. ഒരു തവണ സ്കോർ ചെയ്ത താരം ഇക്കഴിഞ്ഞ എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിലടക്കം നിരവധി അസിസ്റ്റുകളുമായി ടീമിന്റെ വിജയങ്ങളിൽ സുപ്രധാന പങ്കുവഹിച്ചു. അണ്ടർ 19 ഇന്ത്യൻ ടീം അംഗമായിരുന്നു. രണ്ട് സീസണിൽ അണ്ടർ 18 ഐ ലീഗിൽ പുണെ എഫ്.സിയുടെ ജഴ്സിയണിഞ്ഞു.
തുടർന്ന് ഐ.എസ്.എൽ ടീമായ എഫ്.സി പുണെ സിറ്റിക്ക് വേണ്ടി കളിച്ചു. ഇവിടെനിന്ന് സ്പാനിഷ് ലാ ലീഗ ക്ലബായ വിയ്യാ റയലിൽ ട്രയൽ കം ട്രെയ്നിങ്ങിന് പോയിരുന്നു. അരങ്ങേറ്റം തന്നെ ഗോളോടെ. 2018 മുതൽ ബംഗളൂരു എഫ്.സിയിലാണ്. 39 മത്സരങ്ങൾ കളിച്ചു. രണ്ട് ഐ.എസ്.എൽ ഗോളും 25കാരന്റെ പേരിലുണ്ട്. മലപ്പുറം പട്ടർക്കടവിലെ കുരുണിയൻ അസൈൻ-ഖദീജ ദമ്പതികളുടെ മകനാണ് ആഷിഖ്. അസീലയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.