കൊളംബോ: ഏഷ്യ കപ്പ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്ന മത്സരത്തിൽ പാകിസ്താനെതിരെ ശ്രീലങ്കക്ക് 251 റൺസ് വിജയലക്ഷ്യം. മഴ തടസ്സപ്പെടുത്തിയതിനാൽ 42 ഓവറാക്കി ചുരുക്കിയ കളിയിൽ ആദ്യം ബാറ്റ് ചെയ്ത് പാകിസ്താൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 252 റൺസെടുത്തു. തുടർന്ന് ഡെക്ക് വർത്ത്-ലൂയിസ് നിയമപ്രകാരം ആതിഥേയരുടെ ലക്ഷ്യം 251 ആക്കി പുനർ നിശ്ചയിക്കുകയായിരുന്നു. 73 പന്തിൽ 86 റൺസെടുത്ത് പുറത്താവാതെനിന്ന മുഹമ്മദ് റിസ് വാനാണ് പാക് ടോപ് സ്കോറർ. ഓപണർ അബ്ദുല്ല ഷഫീഖും (52) അർധ ശതകം നേടി.
മഴമൂലം വൈകിയാണ് കളി ആരംഭിച്ചത്. ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും അത്ര നല്ലതായിരുന്നില്ല തുടക്കം. അഞ്ചാം ഓവറിൽ ഓപണർ ഫഖർ സമാൻ (4) പുറത്താവുമ്പോൾ സ്കോർ ബോർഡിൽ ഒമ്പത് റൺസ് മാത്രം. ഷഫീഖും ക്യാപ്റ്റൻ ബാബർ അഅ്സവും ചേർന്നാണ് ടീമിനെ കരകയറ്റിയത്.
29 റൺസെടുത്ത് ബാബർ മടങ്ങി. അർധ ശതകം തികച്ചതിന് പിന്നാലെ ഷഫീഖും തുടർന്ന് മുഹമ്മദ് ഹാരിസും (3) മുഹമ്മദ് നവാസും (12) മടങ്ങിയതോടെ അഞ്ചിന് 130ലേക്ക് പതറി. 28ാം ഓവറിൽ നവാസിന്റെ വിക്കറ്റ് വീണതിനൊപ്പം മഴയും. പകരക്കാരൻ ഇഫ്തിഖാർ അഹമ്മദും ക്രീസിലുണ്ടായിരുന്ന റിസ് വാനും ചേർന്നാണ് പാകിസ്താന് മാന്യമായ സ്കോർ സമ്മാനിച്ചത്. 40 പന്തിൽ 47 റൺസടിച്ചു ഇഫ്താഖാർ. ലങ്കക്കായി പേസർ മതീഷ പാതിരാന മൂന്ന് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.