മഡ്രിഡ്: ടീം ഡോക്ടറുടെ വിയോഗത്തെ തുടർന്ന് കിക്കോഫിന് 20 മിനിറ്റ് മുമ്പ് നീട്ടിവെക്കേണ്ടിവന്ന ബാഴ്സലോണ- ഒസാസുന മത്സരം ദിവസങ്ങൾ കഴിഞ്ഞ് ബാഴ്സയുടെ താൽക്കാലിക മൈതാനമായ ഒളിമ്പിക് സ്റ്റേഡിയത്തിൽ അരങ്ങേറിയപ്പോൾ വമ്പൻ ജയവുമായി ആതിഥേയർ. ഫെറാൻ ടോറസും ഡാനി ഒൽമോയും റോബർട്ട് ലെവൻഡോവ്സ്കിയും വല കുലുക്കിയ കളിയിൽ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്കായിരുന്നു കറ്റാലൻമാരുടെ ജയം.
ഇതോടെ ടീം പോയന്റ് പട്ടികയിൽ തലപ്പത്ത് ലീഡ് മൂന്നു പോയന്റാക്കി. ദേശീയ ടീമുകളുടെ മത്സരം കഴിഞ്ഞ് ഒറ്റ ദിവസത്തെ ഇടവേള നൽകിയായിരുന്നു മാർച്ച് എട്ടിനു നടക്കേണ്ട കളി നടന്നത്. ബ്രസീൽ സൂപ്പർതാരം റഫീഞ്ഞയടക്കം പ്രമുഖർക്ക് ഇതുമൂലം ആദ്യ ഇലവനിൽ ഇടം നൽകാനാകാതെ പോയെന്ന് ബാഴ്സ കോച്ച് ഹാൻസി ഫ്ലിക്ക് പരാതിപ്പെട്ടു.
11ാം മിനിറ്റിൽ ഫെറാൻ ടോറസ് നൽകിയ ലീഡിൽ പടർന്നുകയറിയ ആതിഥേയർ ഉടനീളം മേൽക്കൈ നിലനിർത്തിയാണ് കളി അനായാസം തങ്ങളുടേതാക്കിയത്. വൈകാതെ ബാഴ്സക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി എതിർ ഗോളി ഹെരേര തടുത്തിട്ടെങ്കിലും ഒസാസുന താരം അഡ്വാൻസ് ചെയ്തത് മൂലം വീണ്ടും എടുക്കേണ്ടിവന്നു. ഒൽമോ ഗോളിയെ കബളിപ്പിച്ച് കിക്ക് വലയിലെത്തിക്കുകയുംചെയ്തു.
ഗോളടിച്ചില്ലെങ്കിലും 17കാരൻ ലമീൻ യമാൽ ബാഴ്സ നിരയിൽ നിറഞ്ഞുനിന്നു. റയലിനെക്കാൾ മൂന്നും അറ്റ്ലറ്റികോയെക്കാൾ ഏഴും പോയന്റ് ലീഡുള്ള ബാഴ്സക്ക് ഞായറാഴ്ച ലാ ലിഗയിൽ വീണ്ടും മത്സരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.