മുംബൈ: കേരള ബ്ലാസ്റ്റേഴ്സിനെതിരായ പ്ലേഓഫ് എലിമിനേറ്ററിൽ വിവാദ ഗോൾ നേടി ടീമിനെ സെമിയിലെത്തിച്ച സൂപ്പർ സ്ട്രൈക്കർ സുനിൽ ചേത്രി വീണ്ടും ബംഗളൂരു എഫ്.സിയുടെ ഹീറോ ആയി. ഇത്തവണ വിവാദത്തിന്റെ അകമ്പടിയൊന്നുമില്ലാത്ത തകർപ്പൻ ഹെഡർ ഗോൾ.
ഫലം സെമി ഫൈനൽ ആദ്യ പാദത്തിൽ ബംഗളൂരുവിന് മുംബൈ എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. ഞായറാഴ്ചയാണ് രണ്ടാം പാദ സെമി. രണ്ടാം സെമി ഫൈനൽ ആദ്യ പാദത്തിൽ വ്യാഴാഴ്ച ഹൈദരാബാദ് എഫ്.സി എ.ടി.കെ മോഹൻ ബഗാനെ നേരിടും. പ്ലേഓഫിലെ പോലെ പകരക്കാരനായി കളത്തിലെത്തിയായിരുന്നു ഛേത്രിയുടെ നിർണായകഗോൾ.
78ാം മിനിറ്റിൽ നവോരം റോഷൻ സിങ്ങിന്റെ കോർണറിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിയുടെ ഹെഡർ ഫസ്റ്റ് പോസ്റ്റിനരികിലൂടെ വലയിൽ കയറിയപ്പോൾ മുംബൈ പ്രതിരോധവും ഗോളിയും നിസ്സഹായരായി. ഏതുസമയത്തും ഗോൾ നേടാൻ കഴിവുള്ള തന്ത്രശാലിയായ ഛേത്രിയെ ശരിയായി മാർക്ക് ചെയ്യാത്തതിന് മുംബൈ നൽകേണ്ടിവന്ന വിലയായിരുന്നു ഗോൾ.
മത്സരത്തിൽ കൂടുതൽ സമയം പന്ത് കാൽവശം വെച്ചതും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും മുംബൈയാണെങ്കിലും ബംഗളൂരു ഗോളി ഗുർപ്രീത് സിങ് സന്ധുവിനെ കാര്യമായി പരീക്ഷിക്കാനോ സ്കോർ ചെയ്യാനോ അവർക്കായില്ല. 21 ഗോൾ ശ്രമങ്ങളിൽ മൂന്നു തവണ മാത്രമേ മുംബൈക്ക് എതിർ ഗോളിയെ പരീക്ഷിക്കാനായുള്ളൂ.
ലീഗ് റൗണ്ടിൽ യഥേഷ്ടം ഗോളടിച്ചുകൂട്ടിയ ലാൽറിൻസുവാല ചാങ്തെ-ജോർഹെ പെരേര ഡയസ്-ബിപിൻ സിങ് ത്രയത്തെ ബംഗളൂരു പ്രതിരോധം നിശബ്ധരാക്കി നിർത്തി. മറുവശത്ത് ബംഗളൂരുവിന്റെ 10 ശ്രമങ്ങളിൽ ഏഴും ഓൺ ടാർജറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.