കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജാംഷഡ്പുർ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട നിലംപരിശാക്കിയത്.
ഇതോടെ 12 മത്സരങ്ങളിൽനിന്ന് 25 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. തുടർച്ചയായി എട്ട് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്സ് കുതിക്കുന്നത്. ആസ്ട്രേലിയൻ താരം അപോസ്തലസ് ജിയാനു (ഒമ്പതാം മിനിറ്റിൽ), ദിമിത്രിയോസ് ഡയമന്‍റകോസ് (പെനാൽറ്റി, 31ാം മിനിറ്റിൽ), അഡ്രിയാൻ ലൂന (65ാം മിനിറ്റിൽ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 17ാം മിനിറ്റിൽ ഡാനിയൽ ചിമയുടെ വകയായിരുന്നു ജാംഷഡ്പുരിന്‍റെ ആശ്വാസ ഗോൾ.
പന്തടക്കത്തിലും പാസ്സിങ്ങിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിലായിരുന്നു. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്‍റകോസ് പോസ്റ്റിന്‍റെ ഇടതു വിങ്ങിൽനിന്ന് പോസ്റ്റിന് സമാന്തരമായി നൽകിയ ക്രോസ് ജിയാനു ജാംഷഡ്പുർ ഗോൾ കീപ്പറെ മറികടന്ന് വലയിലാക്കി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. വൈകാതെ ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിതയുടെ മുന്നേറ്റം ജാംഷഡ്പുരിനെ ഒപ്പമെത്തിച്ചു.
കയറിയെത്തി ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ പ്രഭ്സുഖൻ ഗിൽ പന്ത് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ ഡാനിയൽ ചിമ വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഷോട്ട് ചാടി തടുക്കാൻ ബ്ലാസ്റ്റേഴ്സ് താരം ലെസ്കോവിച്ച് ശ്രമിച്ചെങ്കിലും പന്ത് വലയിൽ. 31ാം മിനിറ്റിൽ പെനാൽറ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡെടുത്തു. ബോക്സിൽ ജാംഷഡ്പുർ താരം ബോറിസ് സിങ്ങിന്‍റെ കൈയിൽ പന്ത് തട്ടിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി. കിക്കെടുത്ത ദിമിത്രിയോസ് പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതുമൂലയിലെത്തിച്ചു. 65ാം മിനിറ്റിൽ ലൂനയുടെ മാജിക് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് വീണ്ടും ഉയർത്തി. ലൂന തുടക്കമിട്ട ഒന്നാംതരം പാസ്സിങ് ഗെയിമാണ് ഗോളിലെത്തിയത്.
ബോക്സിനുള്ളിൽ അടിക്കാൻ പാകത്തിൽ അപോസ്തലസ് ജിയാനു വെച്ചു നൽകിയ പന്ത് ലൂന ഇടങ്കാൽ ഷോട്ടിലൂടെ വലയുടെ ഇടതുമൂലയിൽ എത്തിച്ചു. പിന്നാലെ ഇരു ടീമുകളും രണ്ടു മാറ്റങ്ങൾ വരുത്തി.
സഹൽ, ജിയാനു എന്നിവർക്കു പകരം നിഹാൽ സുധീഷും വിക്ടർ മോംഗിലും കളത്തിലിറങ്ങി. തുടർച്ചയായ മഞ്ഞക്കാര്‍ഡുകൾ കാരണം യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നിക്ക് കളിക്കാനായില്ല. പകരം ഗ്രീക്ക്–ആസ്ട്രേലിയൻ സഖ്യത്തിനായിരുന്നു ആക്രമണത്തിന്‍റെ ചുക്കാൻ. ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം ജയമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.
ഒമ്പത് ജയവും ഒരു സമനിലയും മൂന്നു തോൽവിയുമായി 25 പോയന്‍റാണ് ബ്ലാസ്റ്റേഴ്സിന്. 30 പോയന്‍റുമായി മുംബൈ സിറ്റിയും 28 പോയന്‍റുമായി ഹൈദരാബാദുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 12 മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ജാംഷഡ്പുർ നിലവിൽ അഞ്ച് പോയന്റുമായി പത്താം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.