കൊച്ചി: തുടർതിരിച്ചടികൾക്കുശേഷം ഐ.എസ്.എൽ നടപ്പുസീസണിൽ വിജയവഴിയിൽ തിരിച്ചെത്താൻ കൊതിച്ച് സ്വന്തം തട്ടകത്തിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ബൂട്ടുകെട്ടുന്നു. വെള്ളിയാഴ്ച രാത്രി 7.30ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. സീസൺ ഗംഭീരമായി തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് തുടർന്നുള്ള രണ്ടു മത്സരങ്ങളും പിഴക്കുന്നതാണ് കണ്ടത്.
ഉദ്ഘാടനമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തകർത്ത പ്രകടനം പിന്നീടുള്ള മത്സരങ്ങളിൽ കണ്ടില്ല. എ.ടി.കെ മോഹൻ ബഗാനോട് 5-2നും എവേ മത്സരത്തിൽ ഒഡിഷ എഫ്.സിയോട് 2-1നും കീഴടങ്ങി. ഈ രണ്ടു മത്സരങ്ങളിലും ലീഡ് നേടിയശേഷമാണ് തോൽവി രുചിച്ചത്.
പ്രതിരോധനിരയുടെ പിഴവുകളാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയും മുന്നേറ്റനിരയും പ്രതീക്ഷിച്ച മികവിലേക്ക് എത്തിയിട്ടുമില്ല. തുടക്കത്തിൽ ആക്രമണ ഫുട്ബാൾ കെട്ടഴിച്ച് വിറപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന്, എതിരാളികൾ കൗണ്ടർ അറ്റാക്കിങ്ങിലൂടെ മറുപടി നൽകുന്നു.
തടുക്കാനാകാതെ പ്രതിരോധനിര നിസ്സഹായരാകുന്ന കാഴ്ച. അവസാന രണ്ടു മത്സരങ്ങളിലും ടീം കാഴ്ചവെച്ച പ്രകടനം ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്. പിഴവുകളെല്ലാം പരിഹരിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ചും സംഘവും കൊച്ചിയുടെ മണ്ണിൽ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ, സീസണിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത മുംബൈ സിറ്റിയെ പിടിച്ചുകെട്ടുക അത്ര എളുപ്പമാവില്ല. നിലവിൽ പോയന്‍റ് പട്ടികയിൽ മുംബൈ നാലാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയന്‍റ്.
മൂന്നു മത്സരങ്ങളിൽ മൂന്നു പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാമതും. ബ്ലാസ്റ്റേഴ്സിനെ തോൽപിച്ച ഒഡിഷ എഫ്.സിയെ 2-0 എന്ന സ്കോറിനാണ് മുംബൈ തകർത്തത്. ഹൈദരാബാദ് എഫ്.സിയെ സമനിലയിൽ തളച്ചു. ജാംഷഡ്പുർ എഫ്.സിയോട് സമനില വഴങ്ങി.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഒരേ ഇലവനെ പരീക്ഷിച്ച വുകോമനോവിച് മുംബൈക്കെതിരായ ടീമിൽ മാറ്റം വരുത്തിയേക്കും. പ്രതിരോധനിരയിലായിരിക്കും കാര്യമായ മാറ്റം. മാർക്കോ ലെസ്കോവിച്ചിനൊപ്പം വിക്ടർ മോംഗിലിനെ പരിഗണിച്ചാൽ വിദേശ സ്ട്രൈക്കർമാരിൽ ഒരാൾ സൈഡ് ബെഞ്ചിലാകും.
ടീമിന്‍റെ കുന്തമുനകളായിരുന്ന വാസ്ക്വസിനും ഡയസിനും പകരമായി സീസണിൽ ടീമിലെത്തിച്ച വിദേശ താരങ്ങളായ ദിമിത്രിയോസ് ഡയമന്‍റകോസിനും അപ്പോസ്‌തോലോസ് ജിയാനുവിനും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല.
ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ആദ്യ ഇലവൻതന്നെ മുംബൈക്കെതിരെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൗണ്ടർ അറ്റാക്കിങ്ങിൽ എതിരാളികളുടെ വേഗവും കരുത്തുമുള്ള ഫോർവേഡുകൾക്കു മുന്നിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പതറുന്നതാണ് തോൽവിയറിഞ്ഞ മത്സരങ്ങളിൽ കണ്ടത്.
കളിയും തന്ത്രങ്ങളും മാറ്റിയാൽ മാത്രമേ, ഇനിയുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വിജയവഴിയിലേക്ക് തിരിച്ചെത്താനാകൂ. കിരീടത്തിനായുള്ള പോരാട്ടത്തില്‍ എപ്പോഴും ശക്തരായ ടീമാണ് മുംബൈ സിറ്റിയെന്നും കരുത്തരായ ടീമുകള്‍ക്കെതിരെ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വുകോമാനോവിച് പറയുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ വെള്ളിയാഴ്ചയും വാങ്ങാം. കൊച്ചിയിലെ കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ക്കും രണ്ടു ദിവസം മുമ്പേ ടിക്കറ്റുകള്‍ മുഴുവനായും വിറ്റുപോയിരുന്നു. തുടര്‍ച്ചയായ തോല്‍വികള്‍ മൂലം ടിക്കറ്റ് വിൽപന കുറഞ്ഞു എന്നാണ് വിവരം.
ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിൽനിന്ന് വാങ്ങാം. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.