മുംബൈ: ഇന്ത്യന്‍ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ക്രൊയേഷ്യൻ പ്രതിരോധ താരം മാർകോ ലെസ്കോവിച് ഇല്ല. പകരക്കാരുടെ നിരയിലും താരത്തിന്‍റെ പേരില്ല. താരത്തിന് പരിക്കുണ്ടെന്നാണു വിവരം.
വിലക്കുമാറി യുക്രെയ്ൻ താരം ഇവാൻ കലിയൂഷ്നി ടീമിൽ തിരിച്ചെത്തി. സീസണിൽ മിന്നും ഫോമിലാണ് മുംബൈ. ഇമുംബൈയുടെ തട്ടകമായ മുംബൈ ഫുട്ബാൾ അരീനയിലാണ് പോരാട്ടം. 13 കളികളിൽ 31 പോയന്റുമായി മുന്നിലുള്ള നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയുടെ തൊട്ടുപിറകിലാണ് 12 മത്സരങ്ങളിൽ 30 പോയന്റുള്ള മുംബൈ. ബ്ലാസ്റ്റേഴ്സ് 12 കളികളിൽ 25 പോയന്റുമായി മൂന്നാമതും.
ഇന്ന് ജയിച്ചാലും ബ്ലാസ്റ്റേഴ്സ് മൂന്നാമത് തുടരും. മുംബൈ ജയിക്കുകയാണെങ്കിൽ അവർക്ക് ഹൈദരാബാദിനെയും മറികടന്ന് തലപ്പത്തെത്താം. ആദ്യപാദത്തിൽ കൊച്ചിയിൽ മുംബൈയുമായി ഏറ്റുമുട്ടിയപ്പോൾ 2-0 തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. മുംബൈയാവട്ടെ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല. സീസണിൽ പരാജയമറിയാത്ത ഏക ടീമാണവർ. കൂടുതൽ ഗോളുകളടിച്ച ടീമും മുംബൈ തന്നെ, 36 എണ്ണം. ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം 22 ഗോളുകളാണ്.
കേരള ബ്ലാസ്റ്റേഴ്സ് –പ്രഭ്സുഖൻ ഗിൽ (ഗോൾ കീപ്പർ), ഹർമൻജ്യോത് ഖബ്ര, വിക്ടർ മോംഗിൽ, റിയുവ ഹോർമിപാം, ജെസൽ കർണെയ്റോ, ജീക്സൻ സിങ്, ഇവാൻ കലിയൂഷ്നി, സഹൽ അബ്ദുസമദ്, അഡ്രിയൻ ലൂന, കെ.പി. രാഹുൽ, ദിമിത്രിയോസ് ഡയമന്റകോസ്.
മുംബൈ സിറ്റി –ഫുർബ ലാചെൻപ (ഗോൾ കീപ്പർ), രാഹുൽ ഭേക്കെ, റോസ്റ്റിൻ ഗ്രിഫിത്സ്, മെഹ്താബ് സിങ്, ഡി. വിഘ്നേഷ്, അഹമ്മദ് ജാഹൂ, അപൂയ റാൽറ്റെ, ഗ്രെഗ് സ്റ്റുവാർട്ട്, ലാലിയൻസുവാല ചാങ്തെ, ബിപിൻ സിങ്, ജോർഹെ പെരേര ഡയസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.