സാവോ പോളോ: അർജന്റീനയോടുള്ള ലോകകപ്പ് യോഗ്യത മത്സരത്തിലെ തോൽവിക്ക് പിന്നാലെ പരിശീലകനെ പുറത്താക്കി ബ്രസീൽ ഫുട്ബാൾ ടീം. ഡോറിവൽ ജൂനിയറിനേയാണ് തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന 4-1ന് ബ്രസീലിനെ തോൽപിച്ചിരുന്നു.
ഡോറിവെൽ ഇനി മുതൽ ബ്രസീൽ പരിശീലകനായി തുടരില്ലെന്ന് ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. ടീമിനായി അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിയറിയിക്കുകയാണ്. പ്രൊഫഷണൽ ജീവിതത്തിൽ അദ്ദേഹത്തിന് വിജയമുണ്ടാവാൻ ആശംസകൾ നേരുന്നു. ഡോറിവെല്ലിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചു.
അർജന്റീനക്കെതിരായ മത്സരത്തിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡോറിവെൽ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച ഡോറിവെല്ലും ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനൊടുവിലാണ് കോച്ചിനെ പുറത്താക്കാനുള്ള തീരുമാനമുണ്ടായത്.
16 മത്സരങ്ങളാണ് ഡോറിവെല്ലിന് കീഴിൽ ബ്രസീൽ കളിച്ചത്. ഇതിൽ ഏഴ് ജയങ്ങളും എഴ് സമനിലകളും രണ്ട് തോൽവികളും ഉൾപ്പെടുന്നു. അടുത്ത വർഷം നടക്കുന്ന ഫുട്ബാൾ ലോകകപ്പിൽ സ്ഥാനമുറപ്പിക്കാൻ ബ്രസീലിന് ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, പരിശീലനകാലയളവിൽ ഒരിക്കൽ പോലും നെയ്മറിന്റെ സേവനം ഡോറിവെല്ലിന് ലഭ്യമായിട്ടില്ല. 2022 ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായതിന് പിന്നാലെയാണ് ടിറ്റെയെമാറ്റി ബ്രസീൽ പുതിയ പരിശീലകനെ കൊണ്ടു വന്നത്. ഫ്ലാമിൻഗോ ക്ലബിന് വേണ്ടി ബ്രസീലിയൻ കപ്പ്, കോപ ലിബറേറ്റഡോറസ് എന്നിവയിലെ വിജയമാണ് അദ്ദേഹത്തിലേക്ക് ബ്രസീലിയൻ ടീമിലേക്ക് എത്തിച്ചത്.
ഡോറിവെല്ലിന് കീഴിൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദമത്സരത്തിൽ 1-0ത്തിന്റെ ജയം നേടിയ ബ്രസീൽ സ്പെയിനിനെ 3-3ന് സമനിലയിൽ പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് ടീമിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.