ലോകകപ്പിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ ബ്രസീലിന് ഖത്തറിൽ 23ാം ഊഴമാണ്. കരുത്തുറ്റ മുന്നേറ്റവും പ്രതിരോധവുമുള്ള ടീം ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചേക്കും.
1930 മുതൽ ലോകകപ്പ് വേദിയിലെത്തിയ ഇവർ അഞ്ച് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. 2002ൽ നേടിയ കിരീടത്തിനുശേഷം പിന്നീട് ലോകകപ്പിൽ മികച്ചതൊന്നും ആരാധകർക്ക് സമ്മാനിക്കാനും ഇവർക്കായിട്ടില്ല. ഖത്തറിൽ ബ്രസീൽ കിരീടം സ്വന്തമാക്കുമെന്നാണ് റോയിട്ടേഴ്സിന്റെ അഭിപ്രായ സർവേയുടെ പ്രവചനം. കോപ അമേരിക്കയിൽ 2019ൽ അവസാനമായി നേടിയ കിരീടമടക്കം ഇതുവരെ ഒമ്പത് തവണയാണ് മഞ്ഞപ്പട ചാമ്പ്യന്മാരായത്. പാനമേരിക്കയിൽ രണ്ട് തവണയും, ഫിഫ കോൺഫെഡറേഷൻ കപ്പിൽ രണ്ട് തവണയും മുത്തമിട്ടു. യോഗ്യത മത്സരത്തിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ലാറ്റിനമേരിക്കയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി വമ്പന്മാരുടെ ഖത്തറിലേക്കുള്ള വരവ്.
കഴിഞ്ഞ ലോകകപ്പിൽ നെയ്മറിന്റെ സാന്നിധ്യം മികച്ചതായിരുന്നു. ഇത്തവണയും മഞ്ഞപ്പട മൈതാനത്തെത്തുമ്പോൾ ഫുട്ബാൾ പ്രേമികൾ ഉറ്റുനോക്കുന്നത് ഈ മുന്നേറ്റ താരത്തെയായിരിക്കും. ബ്രസീലിനായി ഇതുവരെ 121 മത്സരങ്ങൾ കളിച്ചിട്ടുണ്ട് ഈ 30കാരൻ. 75 ഗോളുകളും ടീമിനായി നേടിക്കൊടുത്തു. തന്റെ 30 കളിലും മൈതാനത്ത് ഇദ്ദേഹം കുതിച്ചു പായുമെന്നതാണ് പ്രതീക്ഷ. അടുത്ത ലോകകപ്പിന് ഒരുപക്ഷേ ഇദ്ദേഹം കളത്തിൽ ഉണ്ടാവണമെന്നില്ല. വിനിസ്യൂസ് ജൂനിയർ, റാഫിഞ്ഞ, ആന്റണി തുടങ്ങിയവരും ബ്രസീലിന്റെ പ്രതീക്ഷയുള്ള താരങ്ങളാണ്. സെന്റർ ബാക്കിൽ കളിക്കുന്ന തിയാഗോ സിൽവയാണ് ടീമിന്റെ നായകൻ.
ആശാൻ
ബ്രസീലുകാരൻ ടിറ്റെയാണ് ആശാൻ. 1990 മുതൽ കോച്ചിങ്ങിലേക്ക് കടന്ന ഇദ്ദേഹം ഇതുവരെ 18 ടീമുകൾക്ക് പരിശീലകനായി. 2016 മുതലാണ് ബ്രസീലിന്റെ മുഖ്യപരിശീലകനായത്. 2019ൽ കോപ അമേരിക്കയിൽ ബ്രസീൽ ജേതാക്കളായത് ടിറ്റെയുടെ പരിശീലന മികവിലാണ്. വിവിധ ടീമുകളിൽ കളിച്ചിരുന്ന മികച്ച മിഡ് ഫീൽഡറായിരുന്നു. ആരാധകർ ആഗ്രഹിക്കുന്ന പോലെ ടീമിനെ കളത്തിലിറക്കാൻ ഇദ്ദേഹത്തിനാവുമെന്നതാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.