മലപ്പുറം: സെവൻസ് ഫുട്ബാൾ കളത്തിൽ എതിർടീം താരത്തെ ക്രൂരമായി ഫൗൾ ചെയ്ത സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അസോസിയേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം എടത്താനാട്ടുകരയിലെ അഖിലേന്ത്യാ സെവൻസിലാണ് സംഭവം. ഗ്രൗണ്ടിൽ വീണ് കിടക്കുകയായിരുന്ന ഉദയൻ പറമ്പിൽ പീടിക താരത്തിന്റെ നെഞ്ചിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവൽ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി കയറുകയായിരുന്നു. ഒരു പ്രകോപനവുമില്ലാതെ നടന്ന ഈ ക്രൂര പ്രവർത്തിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനമാണ് നേരിട്ടത്.
ഇതോടെ താരത്തിനെതിരെ നടപടിയെടുക്കാൻ ക്ലബും അസോസിയേഷനും നിർബന്ധിതരാകുകയായിരുന്നു. മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടതിനാൽ സൂപ്പർ സ്റ്റുഡിയോയുടെ വിദേശ താരമായ സാമുവലിനെ ഈ സീസണിൽ കളിപ്പിക്കുകയില്ലെന്നും നാട്ടിലേക്ക് കയറ്റിവിടുമെന്നും സെവൻസ് ഫുട്ബാൾ അസോസിയേഷൻ പത്ര പ്രസ്താവനയിൽ പറഞ്ഞു.
സംഭവം വിവാദമായതിനെ തുടർന്ന് പരിക്കേറ്റ കളിക്കാരനെ സമുവൽ നേരിട്ടെത്തി സന്ദർശിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ചു.
"സ്നേഹം നിറഞ്ഞ ഓണേഴ്സ് അസിസ്റ്റന്റ് മാനേജേഴ്സ് സുഹൃത്തുക്കളെ,
10-12-2024നു എടത്തനാട്ടുകര SFA ടൂർണമെന്റിൽ വച്ച് സൂപ്പർ സ്റ്റുഡിയോ ഉദയാ പറമ്പിൽ പീടിക മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ ടീം 2-ാം ഗോൾ അടിച്ച് ജയിച്ച് നിൽക്കുന്ന സമയത്ത് ഗ്രൗണ്ടിൽ വീണു കിടക്കുകയായിരുന്ന ഉദയയുടെ കളിക്കാരന്റ മേൽ ബൂട്ടിട്ട കാൽ കൊണ്ട് നെഞ്ചത്ത് ചവിട്ടിയ സൂപ്പറിന്റെ വിദേശ താരമായ സാമുവൽ എന്ന കളിക്കാരൻ മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി ചെയ്തതായി ബോധ്യപ്പെട്ടിരിക്കുന്നു. ഇത്തരം അക്രമണ കാരികളായ കളിക്കാരെ സംഘടനയ്ക്ക് വെച്ചുപൊറുപ്പിക്കാൻ ഒരിക്കലും സാധിക്കുകയില്ല.
ആയതിനാൽ ഈ കളിക്കാരനെ ഇന്നുമുതൽ ഈ സീസണിൽ ടൂർണമെന്റുകളിൽ കളിപ്പിക്കേണ്ട എന്നും ഉടനെ തന്നെ ആ കളിക്കാരന്റെ നാട്ടിലേക്ക് സൂപ്പർ സ്റ്റുഡിയോയുടെ മാനേജ്മെന്റ്, കയറ്റി അയക്കേണ്ട താണെന്നും തീരുമാനിച്ചിരിക്കുന്നു."-അസോസിയേഷൻ പ്രസിഡന്റ് ഹബീബ്മാസ്റ്റർ, സൂപ്പർഅഷ്റഫ്, ജന.സെക്രട്ടറി ബാവ, ട്രഷറർ എസ്.എം അൻവർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.