കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിലെ സൂപ്പർ ഫൈനൽ പോരാട്ടത്തിന് കൺപാർത്ത് കാൽപന്ത് ആരാധകർ. ഞായറാഴ്ച രാത്രി എട്ടിന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം. കഴിവും കരുത്തും സമം ചേർന്ന രണ്ടു വമ്പന്മാർ മുഖാമുഖം നിൽക്കുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്. തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് കിരീടപ്പോരിന് ടിക്കറ്റെടുത്തതെങ്കിൽ ഡോറിയലിന്റെ ഇരട്ട ഗോളിൽ കരുത്തരായ കണ്ണൂരിനെ കടന്നാണ് ഫോഴ്സയുടെ വരവ്. ഒരിക്കൽ കാലിക്കറ്റ് ജയിച്ചും ഒരിക്കൽ സമനില പിടിച്ചുമായിരുന്നു ഇരുവരും നേരത്തേയുള്ള മത്സരങ്ങൾ. രണ്ടു മാസത്തിലേറെ മലയാളി ഫുട്ബാൾ പ്രേമികളെ ത്രില്ലടിപ്പിച്ച പോരാട്ടങ്ങൾക്കാണ് ഇന്ന് സാമൂതിരിയുടെ മണ്ണിൽ ഫൈനൽ വിസിൽ ഉയരുക. ഇരു ടീമുകളും ആവനാഴിയിലെ ഏറ്റവും മികച്ച തന്ത്രങ്ങളുമായാകും ഇന്ന് ഇറങ്ങുന്നത്.
ഗോൾവേട്ടക്കാർ മുഖാമുഖം
കാലിക്കറ്റും കൊച്ചിയും ഇന്ന് മുഖാമുഖം നിൽക്കുമ്പോൾ അത് ഗോൾവേട്ടക്കാരുടെ സംഗമം കൂടിയാവും. ലീഗിൽ ആകെ പിറന്ന 81 ഗോളുകളിൽ 20ഉം സ്കോർ ചെയ്തത് കാലിക്കറ്റ് ആണ്. കൊച്ചിയും മോശല്ല, 12 ഗോൾ അവരും എതിരാളികളുടെ വലയിലെത്തിച്ചു. ഏഴ് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുകാരൻ ഡോറിയൽട്ടൻ ഗോമസ് കൊച്ചി താരമാണെങ്കിൽ കാലിക്കറ്റ് നിരയിൽ ഗോളടിക്കാരുടെ ഒരു പടതന്നെയുണ്ട്. മലയാളി താരങ്ങളിലെ ടോപ് സ്കോറർ ഗനി നിഗം (നാല് ഗോൾ), ഹെയ്ത്തിക്കാരൻ കെർവൻസ് ബെൽഫോർട്ട് (നാല് ഗോൾ), യുവതാരം മുഹമ്മദ് റിയാസ് (മൂന്ന് ഗോൾ) എന്നിവരെല്ലാം കാലിക്കറ്റിന്റെ പടയാളികളാണ്.
ഗോൾ അടിക്കുന്നതിൽ മാത്രമല്ല, തടുക്കുന്നതിലും കൊച്ചി, കാലിക്കറ്റ് ടീമുകൾ കേമന്മാരാണ്. 11 കളികളിൽ കൊച്ചി എട്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയത്. കാലിക്കറ്റ് പത്തും. ഏറ്റവും കൂടുതൽ സേവ് നടത്തിയ ഗോൾ കീപ്പർമാരുടെ പട്ടികയിലും ഇരു ടീമിലെയും കളിക്കാർ ഉണ്ട്. കൊച്ചി ഗോളി ഹജ്മൽ 23 സേവുകൾ നടത്തിയപ്പോൾ കാലിക്കറ്റ് ഗോളി വിശാലിന്റെ പേരിൽ 22 സേവുകളുണ്ട്.
താരത്തിളക്കം
ഫൈനൽ മത്സരം കാണാൻ സിനിമ/ ഫുട്ബാൾ/ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുണ്ടാവും. ഫോഴ്സ കൊച്ചിയുടെ സഹ ഉടമയും സിനിമ താരവുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്.സി ബ്രാന്‍ഡ് അംബാസഡറും നടനുമായ ബേസിൽ ജോസഫും തങ്ങളുടെ ടീമുകളെ സപ്പോർട്ട് ചെയ്യാനെത്തും. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് താരങ്ങൾക്കൊപ്പം വെറ്ററൻ കളിക്കാരും ഗാലറിയെ സമ്പന്നമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.