അഞ്ചിന്‍റെ മൊഞ്ചിൽ ബയേൺ; മൂന്നടിച്ച് പി.എസ്.ജി; ആസ്റ്റൺ വില്ലക്കും ലെവർകുസനും ജയം

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ കളത്തിലിറങ്ങിയ ദിനത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനും ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിക്കും തകർപ്പൻ ജയം.

ബയർ ലെവർകുസൻ, ആസ്റ്റൺ വില്ല ടീമുകളും ജയിച്ചു. യുക്രെയ്ൻ ക്ലബ് ഷാക്താർ ഡൊണെട്സ്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബയേൺ നിലംപരിശാക്കിയത്. സൂപ്പർതാരം ഹാരി കെയ്ൻ ഇല്ലാതെ കളത്തിലിറങ്ങിയ ബയേൺ, ഒരു ഗോളിനു പിന്നിൽ പോയശേഷമാണ് എതിരാളികളുടെ വല അഞ്ചു തവണ ചലിപ്പിച്ചത്. മൈക്കൽ ഒലിസെ ഇരട്ട ഗോളുമായി തിളങ്ങി. 73ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച താരം, ഇൻജുറി ടൈമിലും (90+3) വലകുലുക്കി. കോൺറാഡ് ലെയ്മർ (11ാം മിനിറ്റ്), തോമസ് മുള്ളർ (45), ജമാൽ മൂസിയാല (87) എന്നിവരാണ് ടീമിന്‍റെ മറ്റു സ്കോറർമാർ.

അഞ്ചാം മിനിറ്റിൽ ബ്രസീൽ താരം കെവിനാണ് ഷാക്തറിനായി ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ ബയേൺ 12 പോയന്‍റുമായി എട്ടാം സ്ഥാനത്തേക്ക് കയറി. മറ്റൊരു മത്സരത്തിൽ പി.എസ്.ജി മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഓസ്ട്രിയൻ ക്ലബ് റെഡ് ബുൾ സാൾസ്ബാർഗിനെ വീഴ്ത്തിയത്. ഗോൺസാലോ റാമോസ് (30ാം മിനിറ്റ്), ന്യൂനോ മെൻഡിസ് (72), ഡിസയർ ഡൗ (85) എന്നിവരാണ് സ്കോറർമാർ. പോയന്‍റ് പട്ടികയിൽ 24ാം സ്ഥാനത്താണ് നിലവിൽ ബയേൺ. ജനുവരിയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, സ്റ്റുഗാർട്ട് ടീമുകൾക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരങ്ങൾ.

മറ്റു മത്സരങ്ങളിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജർമൻ ക്ലബ് ബയർ ലെവർകുസൻ ഇന്‍റർ മിലാനെയും പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൺ വില്ല ആർ.ബി ലൈപ്സ്ഷിനെയും പരാജയപ്പെടുത്തി. ആറു മത്സരങ്ങളിൽ ആറും ജയിച്ച ലിവർപൂളാണ് പോയന്‍റ് പട്ടികയിൽ ഒന്നാമത്.

Tags:    
News Summary - Champions League: Bayern Munich came from behind to thrash Shakhtar Donetsk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.