മലപ്പുറം: പരുക്കൻ കളി പുറത്തെടുക്കുന്ന താരങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതടക്കം നിയമാവലിയിൽ കാതലായ മാറ്റങ്ങളോടെ 2024-25ലെ സെവൻസ് ഫുട്ബാൾ സീസൺ നവംബർ പത്തിന് ആരംഭിക്കും. മേയ് 30 വരെ ആറു മാസത്തോളം നീളുന്ന സീസണിൽ സംസ്ഥാനത്ത് 45നും 50നുമിടയിൽ ടൂർണമെന്റുകളുണ്ടാവുമെന്ന് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കളിക്കളത്തിലെ സംഘർഷം തടയാൻ നിയമാവലി ഭേദഗതി ചെയ്യും. പരുക്കൻ കളി പുറത്തെടുത്ത് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോകുന്ന കളിക്കാരെ തുടർന്നുള്ള മൂന്നു കളികളിൽ മാറ്റിനിർത്തും. നേരത്തേ ഒരു കളിയിലേ മാറ്റിനിർത്തിയിരുന്നുള്ളൂ. വിദേശകളിക്കാരുടെ എണ്ണം ആറിൽനിന്ന് അഞ്ചാക്കി ചുരുക്കി. ഗ്രൗണ്ടിൽ മൂന്നു പേർ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. പ്രാദേശിക താരങ്ങൾക്ക് പരമാവധി അവസരം ഒരുക്കാനാണിത്. ടീമുകൾക്കുള്ള പ്രതിഫലത്തിലും വർധനയുണ്ട്. ഒന്നാംറൗണ്ടിൽ ടീമുകൾക്കുള്ള തുക 18,000ത്തിൽനിന്ന് 19,500 രൂപയായി ഉയരും. പ്രീക്വാർട്ടർ-20,500, ക്വാർട്ടർ-22,000, സെമി-23,000, ഫൈനൽ-35,000 എന്നിങ്ങനെയാണ് ടീമുകൾക്കുള്ള പുതുക്കിയ ബത്ത. റഫറിമാരുടെ വേതനവും കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ 41 ടൂർണമെന്റുകളാണ് അരങ്ങേറിയത്. ഇത്തവണ 51 അപേക്ഷകളാണ് അസോസിയേഷന് മുന്നിലുള്ളത്. നവംബർ പത്തിന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലാണ് ആദ്യ ടൂർണമെന്റ്. കൂടുതൽ ടൂർണമെന്റുകൾ ഇത്തവണയും മലപ്പുറം ജില്ലയിലാകും. ജില്ലയിലെ ആദ്യ ടൂർണമെന്റ് നവംബർ 14ന് മങ്കടയിൽ തുടങ്ങും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഒഴിച്ചുള്ള എല്ലാ ജില്ലകളിലും മാഹിയിലും നീലഗിരി ജില്ലയിലെ പന്തല്ലൂരിലും ടൂർണമെന്റുകളുണ്ടാവും.
31 രജിസ്ട്രേഡ് ക്ലബുകൾ, മൂന്ന് പ്രാദേശിക ക്ലബുകൾ എന്നിവയിലൂടെ 510 താരങ്ങൾ ടൂർണമെന്റുകളുടെ ഭാഗമാകും. ടൂർണമെന്റുകൾ ഒരു കോടി രൂപക്ക് ഇൻഷുർ ചെയ്തു. കളിക്കാർ, സംഘാടകർ, കാണികൾ, റഫറിമാർ എന്നിവർക്കെല്ലാം പ്രത്യേകം പരിരക്ഷ ലഭിക്കും. ടൂർണമെന്റുകൾക്കുള്ള 120 അംഗ റഫറി പാനലും തയാറായി. സ്കൂൾ മൈതാനം കിട്ടാത്തത് ചിലയിടങ്ങളിൽ ടൂർണമെന്റിന് തടസ്സമായിട്ടുണ്ട്. ഹൈകോടതി ഉത്തരവുള്ളതിനാലാണ് വിദ്യാഭ്യാസ വകുപ്പ് ഗ്രൗണ്ട് അനുവദിക്കാത്തത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ സർക്കാറിന് നിവേദനം നൽകി. ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ കരടു നിയമാവലിക്ക് അംഗീകാരം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലപ്പുറം: സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിൽ കുട്ടികൾക്കായി കൂടുതൽ പരിശീലന ക്യാമ്പുകൾ ഒരുക്കുമെന്ന് സെവൻസ് ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണിത്. നിലവിൽ ചിലയിടങ്ങളിൽ ക്യാമ്പുകൾ നടന്നുവരുന്നുണ്ട്. അത് വ്യാപിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സൗകര്യവും പരിശീലകരെയും ടൂർണമെന്റ് കമ്മിറ്റികൾ നൽകും. 12 വയസ്സു മുതലുള്ള കുട്ടികളെയാണ് തിരഞ്ഞെടുക്കുകയെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.