പോർചുഗലും ഫ്രാൻസും തമ്മിലുള്ള വാശിയേറിയ യൂറോകപ്പ് ക്വാർട്ടർ ഫൈനലിന്റെ 42-ാം മിനിറ്റ്. ഫ്രഞ്ച് പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് പോർചുഗലിന് ഒരു ഫ്രീകിക്ക് ലഭിക്കുന്നു. കിക്കെടുക്കാനെത്തുന്നത് ക്യാപ്റ്റനും വിഖ്യാത താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. പിന്നാലെ ടീമിലെ മറ്റൊരു പ്രമുഖ താരമായ ബ്രൂണോ ഫെർണാണ്ടസും റൊണാൾഡോക്ക് അരികിലെത്തുന്നു. എല്ലാ കണ്ണുകളും റൊണാൾഡോയിലേക്കാണ്. കാമറാമാന്റെ ഫോക്കസും അയാൾക്കു നേരെത്തന്നെ. അയാൾ കിക്കെടുക്കാൻ ഒരു ചുവടു മുന്നോട്ടു കയറുമ്പോൾ പക്ഷേ, കാമറയിൽ തെളിയുന്നത് പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്നതാണ്. ആ കിക്ക് റൊണാൾഡോ എത്തുംമുമ്പേ ബ്രൂണോ അടിച്ചുകഴിഞ്ഞിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാത്ത ക്രിസ്റ്റ്യാനോയുടെ മുഖഭാവം കാമറയിൽ ക്ഷണത്തിൽ തെളിഞ്ഞു. കരിയറിലെ തന്റെ അവസാന യൂറോകപ്പാണെന്ന് ഉറപ്പായ ടൂർണമെന്റിൽ, തോറ്റാൽ രാജ്യാന്തര കരിയറിനു തന്നെ അവസാനമായേക്കാവുന്ന മത്സരത്തിൽ റൊണാൾഡോക്ക് അവസരം നൽകാതെ ‘അപമാനിച്ച’ ബ്രൂണോക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം നിറയുന്നുണ്ട്. പോർചുഗൽ കണ്ട എക്കാലത്തെയും മികച്ച താരത്തെ ഖത്തർ ലോകകപ്പു മുതൽ പരസ്യമായി ഇകഴ്ത്താനും അവഗണിക്കാനും ബ്രൂണോ ഫെർണാണ്ടസ് ശ്രമം നടത്തുകയാണെന്ന് കുറ്റപ്പെടുത്തിയാണ് ആരാധകർ രംഗത്തുള്ളത്.
ഫ്രാൻസിനെതിരെ റൊണാൾഡോ ഫ്രീകിക്ക് എടുക്കാൻ തുടക്കത്തിലേ രംഗത്തുവന്നിരുന്നു. റൊണാൾഡോക്ക് ഏറെ പ്രതീക്ഷ നൽകുന്ന സ്പോട്ടിൽനിന്നായിരുന്നു ആ കിക്ക്. കരുത്തർക്കെതിരെ യൂറോ കപ്പ് ക്വാർട്ടർ പോലൊരു മത്സരത്തിൽ ആ കിക്ക് വലയിലെത്തിച്ചാലുള്ള വീരപരിവേഷം കൂടി അയാളെ മോഹിപ്പിച്ചിരിക്കണം. ക്ലബ് തലത്തിൽ ഫ്രീകിക്കിൽനിന്ന് നിരവധി മിന്നുന്ന ഗോളുകൾ നേടി ഫുട്ബാൾലോകത്തെ വിസ്മയിപ്പിച്ചയാളാണ് ക്രിസ്റ്റ്യാനോ. എന്നാൽ, രാജ്യാന്തര മത്സരങ്ങളിൽ 60 ഫ്രീകിക്കുകളിൽ നിന്ന് ഒരു ഗോൾ മാത്രമേ അദ്ദേഹത്തിന്റെ പേരിലുള്ളൂ. സ്ലോവേനിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ മൂന്നു ഫ്രീകിക്കുകളെടുത്ത റൊണാൾഡോയുടെ ശ്രമങ്ങൾ ഗോളിലെത്താതെയാണ് വഴിമാറിയത്.
ആ മത്സരത്തിൽ ഫ്രീകിക്കിനു പുറമെ റൊണാൾഡോ എടുത്ത പെനാൽറ്റി കിക്കും പാഴായിരുന്നു. എല്ലാ സെറ്റ് പീസുകളും റൊണാൾഡോ എടുക്കുന്നതിൽ ബ്രൂണോക്ക് അസന്തുഷ്ടി ഉണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതെല്ലാം മുൻനിർത്തിയാകണം, ഫ്രാൻസിനെതിരെ ഫ്രീകിക്ക് തൊടുക്കാൻ ഒരുങ്ങിനിന്ന നായകനെ നോക്കുകുത്തിയാക്കി ബ്രൂണോ കിക്കെടുത്തത്. എന്നാൽ, ക്രോസ്ബാറിൽനിന്ന് ഏറെ അകലത്തിലാണ് പന്ത് പറന്നത്.
ഖത്തർ ലോകകപ്പിനിടെ ഇരുവരും തമ്മിലുള്ള പിണക്കം അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുനൈനറ്റഡിൽ സഹതാരങ്ങളായിരുന്നു ഇരുവരും. ലോകകപ്പിനിടെ, പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ യുനൈറ്റഡിനെയും പരിശീലകനെയുമൊക്കെ കടന്നാക്രമിച്ച് റൊണാൾഡോ അഭിപ്രായ പ്രകടനം നടത്തിയതിലുള്ള എതിർപ്പും പിണക്കത്തിന് ആക്കം കൂട്ടി. ഘാനക്കെതിരായ മത്സരത്തിൽ പെനാൽറ്റി കിക്ക് റൊണാൾഡോ എടുത്തത് ബ്രൂണോക്ക് ഇഷ്ടമായില്ലെന്നും അത് തർക്കം മൂർച്ഛിപ്പിച്ചെന്നും റിപ്പോർട്ടുകളുയർന്നു. ഗോൾ ആഘോഷിക്കാൻ എല്ലാ ടീമംഗങ്ങളും ഒന്നിച്ചുചേർന്നപ്പോൾ ഫെർണാണ്ടസ് അതിൽ ചേരാതെ മാറിനിന്നതും വാർത്തയായി.
റൊണാൾഡോ പിന്നീട് മാഞ്ചസ്റ്റർ വിട്ട് സൗദിയിലെ അൽനസ്റിൽ ചേക്കേറിയെങ്കിലും ദേശീയ ടീമിലെ ഇണക്കമില്ലായ്മ തുടരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടിക്കൊണ്ടേയിരുന്നു. ഏറ്റവുമൊടുവിൽ ജർമനിയിലെ യൂറോകപ്പിലും ഗോൾമുഖത്ത് പാസിനായി അലറി വിളിച്ചിട്ടും കിട്ടാതിരുന്ന റൊണാൾഡോയുടെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. അതിനിടെ, തുർക്കിക്കെതിരായ മത്സരത്തിൽ തളികയിലെന്നോണം ബ്രൂണോക്ക് റൊണാൾഡോ നൽകിയ പാസും ആഘോഷിക്കപ്പെട്ടു. തന്നോട് ശത്രുത കാട്ടുന്നവരോട് റൊണാൾഡോയുടെ ‘പ്രതികാരം’ എന്ന തരത്തിലാണ് അത് ആരാധകർ ആഘോഷമാക്കിയത്.
എന്നിട്ടും, ഫ്രാൻസിനെതിരെ ആ ഫ്രീകിക്ക് എടുക്കാൻ റോണോയെ സമ്മതിക്കാതെ അത് അടിച്ചുപുറത്തേക്ക് കളയാൻ എന്തായിരുന്നു തിടുക്കമെന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഉയർത്തുന്നത്. റൊണാൾഡോ ചുവടുകളെടുത്ത് വരും മുമ്പേ ബ്രൂണോ കിക്കെടുക്കുന്ന ദൃശ്യങ്ങൾ ഏറെ വൈറലാണിപ്പോൾ. ‘ബ്രൂണോ ഫെർണാണ്ടസ്...ക്രിസ്റ്റ്യാനോക്കൊപ്പമെത്താൻ നിങ്ങളിനിയും ഒരുപാട് വളരണം...’ എന്ന് കടുത്ത ഭാഷയിൽ ഒരു ആരാധകൻ വിമർശിക്കുന്നുണ്ട്. ഖത്തർ ലോകകപ്പിനിടെയുള്ള ദൃശ്യങ്ങൾക്കൊപ്പവും വിമർശനങ്ങൾ ഉയരുന്നു. അതേസമയം, ബ്രൂണോയും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ചിലർ വാദിക്കുമ്പോൾ ഈ തർക്കത്തിൽ ബ്രൂണോയുടെ പക്ഷം ചേർന്ന് അദ്ദേഹത്തിന്റെ ആരാധകരും പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.