രാജ്യത്തിന് വേണ്ടിയും ക്ലബിന് വേണ്ടിയും തകർപ്പൻ ഫോം തുടരുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിൽ ഈ വർഷവും 50 ഗോൾ. സൗദി കിങ്സ് കപ്പിൽ അൽ ശബാബിനെ 5-2ന് തോൽപിച്ച മത്സരത്തിൽ ഒരു ഗോൾ നേടിയാണ് ചരിത്ര നേട്ടത്തിലെത്തിയത്. 56 മത്സരങ്ങൾ മാത്രമാണ് ‘അർധസെഞ്ച്വറി’ തികക്കാൻ വേണ്ടിവന്നത്. അൽ നസ്റിന് വേണ്ടി 74ാം മിനിറ്റിലാണ് റൊണാൾഡോ വല കുലുക്കിയത്. ബോക്സിന്റെ ഇടതു മൂലയിൽനിന്ന് ഒട്ടാവിയോക്ക് പന്ത് കൈമാറി ഷബാബിന്റെ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് മുന്നോട്ട് വന്ന റൊണാൾഡോ തിരികെ പന്ത് സ്വീകരിച്ച് അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.
2023ൽ അൽ നസ്റിനായി 40 ഗോളുകൾ അടിച്ചുകൂട്ടിയ താരം പോർച്ചുഗലിനായി 10 ഗോളും നേടി. മൂന്ന് ദിവസം മുമ്പാണ് കരിയറിൽ 1200 മത്സരങ്ങൾ പൂർത്തിയാക്കിയത്. അൽ റിയാദിനെതിരായ അന്നത്തെ മത്സരത്തിൽ ഒരു ഗോൾ നേടിയ 38കാരൻ മറ്റൊന്നിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. സൗദി പ്രോ ലീഗിൽ സീസണിൽ 16 ഗോൾ നേടിയ ക്രിസ്റ്റ്യാനോ കരിയറിൽ 869 ഗോളുകളാണ് രാജ്യത്തിനും ക്ലബുകൾക്കുമായി നേടിയത്.
ക്രിസ്റ്റ്യാനോക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലണ്ടാണ് ഈ വർഷം 50 ഗോൾ പൂർത്തിയാക്കിയ താരം. ഹാരി കെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർ 49 ഗോളുകളുമായി തൊട്ടുപിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.