പാരിസ്: ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തിൽ തോൽവിയറിഞ്ഞ് പി.എസ്.ജി. ടുളൂസാണ് ഒന്നിനെതിരെ മൂന്ന് ഗോളിന് എംബാപ്പെയെയും സംഘത്തെയും വീഴ്ത്തിയത്. സീസണിൽ ടീം വിട്ട് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന എംബാപ്പെയുടെ അവസാന ഹോം മത്സരത്തിന് കൂടിയാണ് കാണികൾ സാക്ഷ്യം വഹിച്ചത്. ലീഗിലെ പി.എസ്.ജിയുടെ രണ്ടാമത്തെ മാത്രം തോൽവിയാണിത്. കിലിയൻ എംബാപ്പെ ഒഴികെയുള്ള മുഴുവൻ താരങ്ങളെയും മാറ്റിയാണ് കോച്ച് ലൂയിസ് എന്റിക്വെ െപ്ലയിങ് ഇലവനെ ഇറക്കിയത്.
എട്ടാം മിനിറ്റിൽ എംബാപ്പെയിലൂടെ പി.എസ്.ജിയാണ് ആദ്യം ഗോളടിച്ചത്. ഗോൾകീപ്പർ ആർനോ ടെനസ് നീട്ടിയടിച്ച പന്ത് പിടിച്ചെടുത്ത എംബാപ്പെ അതിവേഗം കുതിച്ച് ഗോൾകീപ്പറെയും വെട്ടിച്ച് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. എന്നാൽ, അഞ്ച് മിനിറ്റിനകം ദിയറയുടെ അസിസ്റ്റിൽ തൈജ്സ് ഡല്ലിംഗയിലൂടെ ടുളൂസ് തിരിച്ചടിച്ചു. തൊട്ടുടൻ ലീഡ് നേടാനുള്ള അവസരം പി.എസ്.ജി ഗോൾകീപ്പർ തടഞ്ഞിട്ടു. തുടർന്ന് ആദ്യപകുതിയിൽ കാര്യമായ അവസരമൊരുക്കാൻ ഇരുടീമിനും കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർകൊ അസൻസിയോക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഹെഡർ പുറത്തേക്കായിരുന്നു. തൊട്ടുപിന്നാലെ എംബാപ്പെയും ഡാനിലെ പെരേരയും അവസരം പാഴാക്കി. എന്നാൽ,
68ാം മിനിറ്റിൽ സുവാസോ കൈമാറിയ പന്തിൽ യാൻ ഗ്ബോഹോ അത്യുഗ്രൻ ഗോളിലൂടെ ടുളൂസിന് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഫ്രാങ്ക് മഗ്രി ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഗോൾപട്ടിക പൂർത്തിയാക്കി. ലീഗിൽ തുടർച്ചയായ മൂന്നാം വർഷവും ചാമ്പ്യന്മാരായ പി.എസ്.ജിക്ക് രണ്ട് മത്സരങ്ങൾ കൂടിയാണ് ശേഷിക്കുന്നത്. 26ന് ലിയോണുമായി ഫ്രഞ്ച് കപ്പ് ഫൈനലിലും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.