കോഴിക്കോട്: മിടുക്കരായ ഗോൾകീപ്പർമാർക്ക് പഞ്ഞമില്ലാത്ത കാലത്ത് പത്തരമാറ്റ് പ്രതിഭയുമായി ഇന്ത്യൻ ഫുട്ബാളിൽ നിറഞ്ഞാടിയ താരമായിരുന്നു ഞായറാഴ്ച ഗോവയിൽ അന്തരിച്ച ഇ.എൻ. സുധീർ. ഫുട്ബാൾ ഭ്രമങ്ങളുടെ കോഴിക്കോടൻ മണ്ണിൽ നിന്ന് രാജ്യാന്തര നിലവാരത്തിലേക്കുയർന്ന സുധീർ കുറച്ചുകാലം കളിക്കുകയും ഏറെ ശ്രദ്ധേയനാവുകയും ചെയ്ത താരമായിരുന്നു.
അക്കാലത്ത് മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടവുമായാണ് സുധീർ 1968ൽ സന്തോഷ് ട്രോഫിയിൽ കളിക്കുന്നത്. പത്താം ക്ലാസിന്റെ കൗമാരം വിട്ടുമാറാത്തപ്പോഴായിരുന്നു ടീമിലെ മൂന്നാം ഗോളിയായി ടീമിലെത്തിയത്. അന്നത്തെ ബാംഗ്ലൂരിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഒന്നാം ഗോളിയായി ആദ്യ ഇലവനിൽ തന്നെ എടവന നാക്കടി സുധീർ എന്ന ഇ.എൻ. സുധീർ ഇടം നേടി. 1972ലെ സന്തോഷ് ട്രോഫിയിൽ ഗോവൻ ടീമിനായി കളിക്കുമ്പോഴാണ് സുധീറിന്റെ അത്ഭുത സേവ് പിറന്നത്. കർണാടകയുടെ ഉലഗനാഥയുടെ ഗോളുറപ്പിച്ച ഷോട്ട് പറന്ന് സേവ് ചെയ്തത് പഴയ ഫുട്ബാൾ പ്രേമികൾ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.
കോഴിക്കോട്ടെ യങ് ചാലഞ്ചേഴ്സ് അടക്കമുള്ള ടീമുകൾക്കായി ചെറുപ്രായത്തിൽ തന്നെ മിന്നും പ്രകടനം നടത്തിയ സുധീർ മൈസൂർ സർവകലാശാല താരമായിരിക്കെയാണ് ദേശീയ ശ്രദ്ധ നേടുന്നത്. ഗോവയിലേക്ക് ക്ഷണം വരുന്നത് ഈ സമയത്താണ്. സെസ ഗോവയിൽ ചേരാനിരുന്ന സുധീർ അവസാന നിമിഷമാണ് വാസ്കോയിലേക്ക് കൂടുമാറിയത്.പിന്നീട് ദേശീയ സെലക്ടർമാരുടെ ശ്രദ്ധ ഈ താരത്തിലേക്ക് പതിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായി. കളിയുടെ സൗന്ദര്യവും സാങ്കേതികതയും സമ്മേളിച്ച താരമായിരുന്നു സുധീറെന്ന് ബാല്യം മുതൽ ഒരുമിച്ചും എതിർ ടീമിലും കളിച്ച മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.പി. സേതുമാധവൻ ഓർക്കുന്നു. പ്രീ ഒളിമ്പിക്സിലടക്കം സുധീറിന്റെ മികവ് അന്താരാഷ്ട്ര തലത്തിൽ പോലും അറിയപ്പെട്ടെന്നും സേതുമാധവൻ ഓർക്കുന്നു.
മികച്ച ഫോമിലുള്ള സമയത്ത്, വെറും 27ാം വയസ്സിൽ കളി നിർത്തിയതിന് പിന്നിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ മലയാളി പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു. അർജുന അവാർഡ്, ഇന്ത്യൻ ടീം ക്യാപ്റ്റൻസി തുടങ്ങിയ സൗഭാഗ്യങ്ങൾ ഉപേക്ഷിച്ചാണ് ചെറുപ്രായത്തിൽ കളിനിർത്തി ഗൾഫിലേക്ക് പോയത്. 2006ൽ തിരിച്ചെത്തിയ ശേഷം ഗോവയിലെ മപുസയിൽ ഒതുങ്ങി ജീവിക്കുകയായിരുന്നു. 2016ൽ 'മാധ്യമം' വാരികയാണ് സുധീറിന്റെ ഭൂതകാലങ്ങളും വർത്തമാനവും ഏറെനാളുകൾക്ക് ശേഷം ഫുട്ബാൾപ്രേമികൾക്ക് മുന്നിലെത്തിച്ചത്. സുധീർ ജീവിച്ചിരിപ്പുണ്ടോയെന്ന സംശയം പലർക്കുമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. ജന്മനാടായ കോഴിക്കോടിനോടുള്ള ഇഷ്ടം ഒരുകാലത്തും ഈ താരത്തിന് നഷ്ടമായിരുന്നില്ല. കോഴിക്കോടൻ വിശേഷങ്ങൾ കഴിഞ്ഞ ദിവസവും ഫോണിൽ സംസാരിച്ചിരുന്നതായി സുഹൃത്തും മുൻ സന്തോഷ് ട്രോഫി താരവുമായ ഉമ്മർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.