അരങ്ങേറ്റം കളറാക്കി തുഷേലും സ്കെല്ലിയും; അൽബേനിയക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

അരങ്ങേറ്റം കളറാക്കി തുഷേലും സ്കെല്ലിയും; അൽബേനിയക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

വെംബ്ലി: ഇംഗ്ലണ്ടിന്‍റെ പരിശീലകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി തോമസ് തുഷേൽ. ലോകകപ്പ് യോഗ്യത മത്സരത്തിൽ അൽബേനിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ത്രീ ലയൺസ് വീഴ്ത്തിയത്. യുവതാരം ലെവിസ് സ്കെല്ലി, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്.

മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്‍റെ ആധിപത്യമായിരുന്നു. 4-2-3-1 ഫോർമേഷനിലാണ് തുഷേൽ ടീമിനെ കളത്തിലിറക്കിയത്. 20ാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ സ്കെല്ലിയിലൂടെ ഇംഗ്ലണ്ട് ലീഡെടുത്തു. ജൂഡ് ബെല്ലിങ്ഹാമാണ് ഗോളിന് വഴിയൊരുക്കിയത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അഴ്സണൽ ഫുൾ ബാക്ക് സ്കെല്ലി സ്വന്തമാക്കി, 18 വർഷവും 176 ദിവസവും. മാർകസ് റാഷ്ഫോർഡിന്‍റെ റെക്കോഡാണ് താരം മറികടന്നത്.

ഇടവേളക്കുശേഷം അൽബേനിയ മികച്ച മുന്നേറ്റങ്ങളുമായി ഭീഷണി ഉ‍യർത്തിയെങ്കിലും നീക്കങ്ങളൊന്നും ഗോളിലെത്തിയില്ല. 77ാം മിനിറ്റിൽ ഹാരി കെയ്ൻ ലീഡ് ഇരട്ടിയാക്കി. ദേശീയ ടീമിനായി താരത്തിന്‍റെ 70ാം ഗോളാണിത്. ഡെക്ലാൻ റൈസിന്‍റെ പാസ്സിൽ ക്ലോസ് റേഞ്ചിൽനിന്നാണ് നായകൻ വലകുലുക്കിയത്. ന്യൂകാസിൽ പ്രതിരോധ താരം ഡാൻ ബേണും ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി. കരബാവോ കപ്പിൽ ന്യൂകാസിലിനെ കിരീടത്തിലേക്ക് നയിച്ച ഹീറോയായിരുന്നു ബേൺ.

ഗരെത് സൗത്ഗേറ്റിനു പകരക്കാരനായാണ് ജർമനിയുടെ തുഷേൽ ഇംഗ്ലണ്ടിന്‍റെ പരിശീലകനായി ചുമതലയേറ്റത്. ആദ്യ ദൗത്യം തന്നെ ജയത്തോടെ തുടങ്ങാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് തുഷേൽ. തിങ്കളാഴ്ച ലാത്വിയക്കെതിരെയാണ് ഇംഗ്ലണ്ടിന്‍റെ അടുത്ത മത്സരം.

Tags:    
News Summary - England beat Albania 2-0

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.