ഇംഗ്ലണ്ട്-നെതർലൻഡ്സ് ആദ്യ പകുതി ഒപ്പത്തിനൊപ്പം (1-1)

ഡോർട്ട്മുണ്ട്: യൂറോ കപ്പ് രണ്ടാം സെമിയിൽ ഇംഗ്ലണ്ട്-നെതർലൻഡ്സ് പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം. ഡച്ചുകാർക്കായി സാവി സിമോൺസും ഇംഗ്ലണ്ടിനായി നായകൻ ഹാരി കെയിൻ പെനാൽറ്റിയിലൂടെയും ലക്ഷ്യം കണ്ടു.

ഒത്തിണക്കത്തോടെയുള്ള നീക്കങ്ങളുമായി കളം നിറഞ്ഞ ഇംഗ്ലണ്ടിനാണ് മുന്നേറ്റത്തിലും പന്തടക്കത്തിലും മുൻതൂക്കം. ഈ യൂറോയിലെ ഇംഗ്ലണ്ടിന്‍റെ ഏറ്റവും മനോഹരമായ ആദ്യ പകുതിയാണ് ഡച്ചുകാർക്കെതിരെ കളത്തിൽ കണ്ടത്. മത്സരത്തിൽ നെതർലൻഡാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റിവ്് ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസിൽനിന്ന് പന്തു തട്ടിയെടുത്ത് മുന്നേറി സാവി സിമോൺസ് ബോക്സിനു തൊട്ടുമുന്നിൽനിന്ന് തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോർഡിനെയും കീഴ്പ്പെടുത്തി വലയിൽ. ഗോൾ വീണതോടെ ഇംഗ്ലണ്ട് ഉണർന്നു കളിച്ചു.

സുന്ദര നീക്കങ്ങളുമായി ഇംഗ്ലണ്ട് ഡച്ച് ഗോൾമുഖം വിറപ്പിച്ചു. ഒടുവിൽ പെനാൽറ്റി ഗോളിലൂടെ അവർ മത്സരത്തിൽ ഒപ്പമെത്തി. ബോക്സിനുള്ളിൽ ഹാരി കെയ്നിന്‍റെ ഷോട്ട് ഡെൻസൽ ഡംഫ്രീസ് കാലു കൊണ്ട് തടയാൻ ശ്രമിച്ചതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത കെയിൻ പന്ത് അനായാസം വലയിലെത്തിച്ചു. പന്തിന്‍റെ ദിശയിലേക്ക് തന്നെ ഡച്ച് ഗോൾ കീപ്പർ ബാർട്ട് വെർബ്രഗ്ഗൻ ചാടിയെങ്കിലും ഫലമുണ്ടായില്ല. 23ാം മിനിറ്റിൽ ഫിൽ ഫോഡൻ ബോക്സിനുള്ളിൽ നടത്തിയ ഒറ്റയാൾ നീക്കം ഗോൾ ലൈനിൽ ഡംഫ്രീസ് രക്ഷപ്പെടുത്തി.

30ാം മിനിറ്റിൽ കോർണറിൽനിന്നുള്ള ഡംഫ്രീസിന്‍റെ ഹെഡ്ഡർ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക്. തൊട്ടുപിന്നാലെ ഫോഡൻ ബോക്സിനു തൊട്ടുവെളിയിൽനിന്ന് ഇടങ്കാലിൽ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ സെമിയിൽ കൗമാരതാരം ലമീൻ യമാൽ നേടിയ മാജിക് ഗോളിനു സമാനമായിരുന്നു സിറ്റി താരത്തിന്‍റെയും ഷോട്ട്. ആദ്യ അരമണിക്കൂർ മുന്നേറ്റത്തിലും പന്തടക്കത്തിലും ഇംഗ്ലണ്ടിന്‍റെ ആധിപത്യമായിരുന്നു. ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് ഡച്ചുകാർ നടത്തിയത്.

മത്സരത്തിൽ ജയിക്കുന്നവർ ഞായറാഴ്ച ബെർലിനിൽ നടക്കുന്ന കലാശപ്പോരിൽ സ്പെയിനുമായി ഏറ്റുമുട്ടും. ഫ്രാൻസിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് സ്പെയിൻ ഫൈനലുറപ്പിച്ചത്.

Tags:    
News Summary - Euro 2024: Netherlands 1-1 England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.