ബർലിൻ: സ്പെയിന് യൂറോ കപ്പിൽ നാലാം മുത്തം. ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് ചെമ്പട നാലാം യൂറോ കീരിടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന് തുടർച്ചയായ രണ്ടാം ഫൈനലിലും കണ്ണീർ മടക്കം. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ സ്വന്തം നാട്ടിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ത്രീ ലയൺസ് തോറ്റത്. സ്പെയിനായി നിക്കോ വില്യംസും (47ാം മിനിറ്റിൽ) പകരക്കാരൻ മൈക്കൽ ഒയാർസബലും (86ാം മിനിറ്റിൽ) വലകുലുക്കി. പകരക്കാരൻ കോൾ പാൾമറാണ് (73ാം മിനിറ്റിൽ) ഇംഗ്ലണ്ടിനായി ആശ്വാസ ഗോൾ നേടിയത്.
ടൂർണമെന്‍റിലുടനീളം മനോഹരമായി പന്തുതട്ടി, ആധികാരികമായി തന്നെയാണ് ലാ റോജ സംഘം ചാമ്പ്യന്മാരായത്. കളിച്ച എല്ലാ മത്സരങ്ങളും സ്പെയിൻ ജയിച്ചിരുന്നു. 1964, 2008, 2012 യൂറോ കപ്പിലും അവർ ചാമ്പ്യന്മാരായിരുന്നു. സ്വന്തം മണ്ണിൽ 1966ൽ ലോകകപ്പ് നേടിയശേഷം പ്രമുഖ ടൂർണമെന്‍റുകളിലൊന്നും വിജയിക്കാൻ ഇതുവരെ ഇംഗ്ലണ്ടിന് കഴിഞ്ഞിട്ടില്ല. ആവേശം ഒഴിഞ്ഞുനിന്ന ആദ്യ പകുതിയിൽനിന്ന് വ്യത്യസ്തമായി രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്.
രണ്ടാം പകുതി തുടങ്ങി 69ാം സെക്കൻഡിൽ തന്നെ യുവതാരം നിക്കോ വില്യംസിലൂടെ സ്പെയിൻ ലീഡെടുത്തു. സ്വന്തം പകുതിയിൽനിന്ന് സ്പെയിൻ നടത്തിയ മികച്ചൊരു നീക്കമാണ് ഗോളിലെത്തിയത്. കാർവഹാൽ ഗ്രൗണ്ടിന്‍റെ മധ്യത്തിലുണ്ടായിരുന്ന യമാലിന് പന്ത് നൽകി. പന്തുമായി മുന്നോട്ടു നീങ്ങിയ താരം ഇടതുവിങ്ങിലുണ്ടായിരുന്ന വില്യംസിന് കൈമാറി. പിന്നാലെ താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് ഇംഗ്ലീഷ് ഗോൾ കീപ്പർ പിക്ക്ഫോർഡിനെയും മറികടന്ന് വലയിൽ.
തൊട്ടു പിന്നാലെ ലീഡ് വർധിപ്പിക്കാനുള്ള ഒന്നിലധികം അവസരങ്ങളാണ് സ്പെയിന് ലഭിച്ചത്. ഡാനി ഓൽമയുടെയും വില്യംസിന്‍റെയും ഷോട്ട് പോസ്റ്റിന് വെളിയിലേക്ക്. 60ാം മിനിറ്റിൽ നായകൻ ഹാരി കെയിനെ പിൻവലിച്ച് ഇംഗ്ലണ്ട് ഓലീ വാറ്റിക്കിൻസിനെ കളത്തിലിറക്കി. 64ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്‍റെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്. 66ാം മിനിറ്റിൽ യമാലിന്‍റെ ബോക്സിനുള്ളിൽനിന്നുള്ള ഷോട്ട് ഇംഗ്ലണ്ട് ഗോൾ കീപ്പർ പിക്ക്ഫോർഡ് തട്ടിയകറ്റി. തുടരെ തുടരെ ഇംഗ്ലീഷ് ഗോൾമുഖം സ്പെയിൻ വിറപ്പിച്ചു. പിക്ക്ഫോർഡിനും പിടിപ്പത് പണി. 70ാം മിനിറ്റിൽ ചെൽസിയുടെ കോൾ പാൾമറും ഇംഗ്ലണ്ടിനായി കളത്തിലെത്തി.
തൊട്ടുപിന്നാലെ താരം ടീമിനെ ഒപ്പമെത്തിച്ചു. 22 വാര അകലെ നിന്നുള്ള താരത്തിന്‍റെ ഷോട്ടാണ് ഉനായ് സിമോണിനെയും മറികടന്ന് പോസ്റ്റിൽ കയറിയത്. ബോക്സിനുള്ളിൽനിന്ന് ബെല്ലിങ്ഹാം പുറത്തേക്ക് നൽകിയ പന്താണ് താരം നിലംപറ്റെയുള്ള ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നാലെ ഇംഗ്ലണ്ടും ഉണർന്നു കളിച്ചു. 81ാം മിനിറ്റിൽ യമാലിന് ബോക്സിനുള്ളിൽ സുവർണാവസരം ലഭിച്ചെങ്കിലും പിക്ക്ഫോർഡ് തകർപ്പൻ സേവിലൂടെ ഇംഗ്ലണ്ടിന്‍റെ രക്ഷകനായി. 86ം മിനിറ്റിലാണ് ഒയാർസബലിലൂടെ സ്പെയിൻ വിജയ ഗോൾ കണ്ടെത്തുന്നത്.
കുക്കുറേയ ബോക്സിനുള്ളിലേക്ക് നീട്ടി നൽകിയ പന്ത് താരം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തൊട്ടു പിന്നാലെ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച കോർണർ ഗോളിനടുത്തെത്തിയെങ്കിലും സ്പെയിൻ പ്രതിരോധിച്ചു.
ഫൈനലിന്‍റെ ആവേശമൊന്നും ആദ്യ 45 മിനിറ്റിൽ കളത്തിൽ കണ്ടില്ല. തുടക്കം മുതല്‍ത്തന്നെ സ്‌പെയിന്‍ ഗോള്‍ ലക്ഷ്യമാക്കി മുന്നേറ്റം നടത്തിയെങ്കിലും ഇംഗ്ലണ്ട് സാവധാനത്തിലാണ് ആക്രമണത്തിലേക്ക് കടന്നത്. പന്തടക്കത്തിൽ സ്പെയിൻ ബഹുദൂരം മുന്നിൽനിന്നെങ്കിലും ഗോളിലേക്കുള്ള നീക്കങ്ങളൊന്നും ടീമിന് സൃഷ്ടിക്കാനായില്ല. ഇൻജുറി ടൈമിൽ ഫിൽ ഫോഡൻ തൊടുത്ത ഒരു ഷോട്ട് മാത്രമാണ് മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ടാർഗറ്റിലേക്ക് പോയ ഒരേയൊരു ഷോട്ട്. സ്പാനിഷ് നീക്കങ്ങളെല്ലാം ഫൈനൽ തേഡിൽ ഇംഗ്ലീഷ് പ്രതിരോധത്തിൽ തട്ടി വിഫലമായി.
കീരൺ ട്രിപ്പിയറിനു പകരം ലൂക് ഷായെ പ്ലെയിങ് ഇലവനിലിറക്കിയാണ് പരിശീലകൻ ഗരെത് സൗത് ഗേറ്റ് ടീമിനെ കളത്തിലിറക്കിയത്. തീരുമാനം തെറ്റിയില്ല, താരം ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സസ്പെൻഷൻ കാരണം സെമി ഫൈനൽ നഷ്ടമായ ഡാനി കാർവഹാലും റോബിൻ ലെ നോർമാൻഡും പ്രതിരോധനിരയിൽ തിരിച്ചെത്തിയത് സ്പെയിന് കരുത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.