മ്യൂണിക്: പത്തുതവണ യൂറോ കപ്പിൽ പന്തു തട്ടിയ ഇംഗ്ലണ്ട് ആദ്യമായി ഫൈനലിലെത്തുന്നത് 2021ലാണ്. വെംബ്ലി സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ ഹൃദയം തകർത്ത് ഇംഗ്ലീഷ് പട ഇറ്റലിയോട് തോൽവിയും ഏറ്റുവാങ്ങി. 1966ലെ ലോകകിരീടത്തിനുശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ടീം ഇന്ന് ഗെൽസെൻകിർച്ചൻ സ്റ്റേഡിയത്തിൽ ഗ്രൂപ് സിയിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. എഴുതിത്തള്ളാൻ കഴിയാത്ത സെർബിയയാണ് എതിരാളികൾ.
പരിശീലകൻ ഗാരെത്ത് സൗത്ഗേറ്റിന് കിഴീൽ ഇംഗ്ലണ്ടിന്റെ അവസാന ടൂർണമെന്റാണിത്. റയൽ മഡ്രിഡിന തന്റെ അരങ്ങേറ്റ സീസണിൽത്തന്നെ സ്പാനിഷ് ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കിയ ജൂഡ് ബെല്ലിങ്ഹാമിലാണ് പ്രധാന പ്രതീക്ഷ. ബയേൺ മ്യൂണിക്കിനായി ജർമൻ ബുണ്ടസ് ലിഗയിൽ മിന്നുംപ്രകടനം നടത്തിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന് വൻകരയുടെ കിരീടം നേടാനുള്ള അവസരവും. ചെൽസി സ്ട്രൈക്കർ കോൾ പാമർക്കിത് ആദ്യ യൂറോയും. ഇവർ മികവ് പുറത്തെടുത്താൽ പിന്നെ ഇംഗ്ലണ്ടിന് തിരിഞ്ഞുനോക്കേണ്ടിവരില്ല. സൗദി പ്രോ ലിഗീലും കിങ്സ് കപ്പിലും അൽ ഹിലാലിനെ ജേതാക്കളാക്കിയ ശേഷമാണ് സെർബിയൻ സ്ട്രൈക്കർ അലക്സാണ്ടർ മിത്രോവിച് എത്തുന്നത്.
ഗ്രൂപ് ഡി മത്സരത്തിൽ നെതർലൻഡ്സിനെ പോളണ്ട് നേരിടും. പരിക്കേറ്റ നായകൻ റോബർട്ട് ലെവൻഡോവ്സ്കി പോളിഷ് സംഘത്തിനായി ആദ്യ മത്സരത്തിൽ ഇറങ്ങില്ല. മിഡ്ഫീൽഡർ ഫ്രാങ്കി ഡി ജോങ്ങിന്റെ അസാന്നിധ്യം ഓറഞ്ച് പടക്കും തിരിച്ചടിയാണ്. ഗ്രൂപ് സിയിൽ സ്ലൊവീനിയ-ഡെന്മാർക്ക് പോരാട്ടവും ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.