ർമനിയിലാണ് യൂറോകപ്പ് എന്നതിനാൽ, ഒരുപാടുകാലമായി ഇവിടത്തുകാരനായി ജീവിക്കുകയും ഫുട്ബാളിനെ ഏറെ സ്നേഹിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ ഒരു പ്രീക്വാർട്ടർ​ മത്സരത്തിനെങ്കിലും നേർസാക്ഷിയായി ഗാലറിയിലുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം യാത്രാ നിയന്ത്രണം ഉള്ളതുകൊണ്ട് ഡ്യൂസൽഡോർഫിനു പുറത്തുള്ള ടിക്കറ്റുകൾക്കായി ശ്രമിച്ചിരുന്നില്ല.

കളി ഏതാണെന്നു അറിഞ്ഞുകൊണ്ടു ബുക്ക്‌ ചെയ്തത് ഗ്രൂപ്പ് ഘട്ടത്തിൽ സ്ലോവാക്യ-യുക്രെയ്ൻ മത്സരമായിരുന്നു. പിന്നെ പ്രീ ക്വാർട്ടറിലെ ഒരു മത്സരവും. ഒടുവിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ മുഖാമുഖം വന്നത് ഫ്രാൻസും ബെൽജിയവും. കലാശപ്പോരിനു സമാനമായ കളി. ഈ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ ഏതൊരു കളിക്കമ്പക്കാരനും കാണാൻ കൊതിക്കുന്ന മത്സരം. ഒരർഥത്തിൽ വലിയൊരു ലോട്ടറിയായി എനിക്കിത്.

 

നേരത്തെ തന്നെ പുറപ്പെട്ടു. ജർമനിയിൽ കിട്ടാവുന്ന ഏറ്റവും നല്ല കാലാവസ്ഥയാണിപ്പോൾ. ജാക്കറ്റ് ഒഴിവാക്കി ബെർമുഡയും ടി ഷർട്ടും ഇട്ടു നടക്കാൻ പറ്റിയ സമയം. ഡോർട്ട്‌മുണ്ടിലേതു പോലെ നിനക്കാതെ കടന്നു വന്ന പേമാരിയും ആലിപ്പഴ വീഴ്ചയും ഉണ്ടാകാതിരുന്നാൽ മതി. എന്റെ പാർപ്പിടത്തിനു ഒമ്പതു കിലോമീറ്റർ മാത്രം അകലെയാണ് കളി നടക്കുന്ന മെട്രോ അറീന.

രസകരമായ ഒരു മെട്രോ യാത്രയാണ് മുമ്പിലുണ്ടായിരുന്നത്. ഓരോ അഞ്ചു​ മിനിറ്റു കൂടുമ്പോഴും യൂറോകപ്പ് സ്പെഷൽ സർവീസ്.

സെൻട്രൽ മെട്രോ സ്റ്റേഷന് അടുത്തെങ്ങും എത്താനാകാത്ത തിരക്ക്. അധികവും നീലയും വെള്ളയും നിറമുള്ള ഫ്രഞ്ചു കുപ്പായമിട്ടവർ. ഇത്രയും ഫ്രഞ്ചുകാർ ഇവിടെയുണ്ടായിരുന്നോ അതോ കളി കാണാൻ പറന്നെത്തിയവരോ?

 

ഇലക്ട്രിക് പടിയിറങ്ങി താഴെ എത്തിയപ്പോൾ യാത്രക്കാരെക്കാൾ കൂടുതൽ സെക്യൂരിറ്റിക്കാർ. ബെർലിൻ മതിൽ പോലെ കോട്ട കെട്ടി അവർ നിൽക്കുന്നു. ഓരോ ട്രെയിനിലും കയറാൻ പാകത്തിലുള്ള ആൾക്കാരെ മാത്രമേ അവർ നടത്തി വിടുകയുള്ളൂ. സ്റ്റേഷന്റെ ഒരു വശം മുഴുവൻ മഞ്ഞയും ചുകപ്പും കുപ്പായമിട്ട ബെൽജിയം ആരാധകരാണ്. ഇതൊന്നും ഓർക്കാതെ ഞാൻ ഇന്ന് ധരിച്ചതും മഞ്ഞമിറമുള്ള ഒരു ടീ ഷർട്ടും അവരുടെ ഷോർട്സിന്റെ നിറമുള്ള മെറൂൺ ഹാഫ് പാന്റ്സും. പോരേ പുകിൽ! അങ്ങനെ വേഷം കൊണ്ട് ഞാൻ ബെൽജിയം സപ്പോർട്ടറായിരിക്കുന്നു.

കളി തുടങ്ങാൻ അഞ്ചു മണിക്കൂർ ബാക്കിയുള്ളപ്പോഴാണ് യുവേഫ ടിക്കറ്റ് സർവീസിന്റെ ഒരു അറിയിപ്പ് ലഭിച്ചത്. ‘യുവർ ക്യൂ.ആർ കോഡ് ആക്ടിവേറ്റഡ്’. ഇത് കിട്ടിയാലേ സ്റ്റേഡിയത്തിനുള്ളിൽ കടക്കാനാകൂ. 20 മിനിറ്റ് നാലു ട്രെയിൻ കാത്തു നിന്നപ്പോഴാണ് മെട്രോക്കുള്ളിൽ കാലുകുത്താനായത്. സ്വാഭാവികമായും എന്നോടൊപ്പം ബെൽജിയൻ പടയും ട്രെയിനിലുണ്ടായിരുന്നു. മെട്രോയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് ഒരു സർദാർജിയെയും മകനെയുമാണ്. കാനഡയിൽ നിന്ന് കിലിയൻ എംബാപ്പേയുടെ കളി കാണാൻ എത്തിയതാണ് സോഹാൻ സിങ്. ന്യൂക്ലിയർ എഞ്ചിനീയറാണ്. ഇന്നു ജയിച്ചാൽ അടുത്ത കളിയും കണ്ടേ മടങ്ങൂ.

 

സ്റ്റേഡിയത്തിലെത്തിയപ്പോൾ ഗാലറിയിൽ ആളുകൾ വന്നുതുടങ്ങുന്നതേയുള്ളൂ. 90 മിനിറ്റ് ബാക്കിയുണ്ട്. അപ്പോഴേക്കും നിറയും ഫ്രാൻസ്-ബെൽജിയം മത്സരത്തിനുള്ള ഗാലറിയെന്നുറപ്പാണ്..! വയസ്സുകാലത്തു തിരക്കിൽ പെടാതിരിക്കാൻ ഞാൻ നേരത്തെ സ്ഥലം പിടിച്ചതാണ്. സ്റ്റേഡിയത്തിനുള്ളിൽ ഒരു ഗ്ലാസ്‌ വെള്ളത്തിന് 10 യൂറോയിലേറെ നൽകണം. വെള്ളത്തിനൊപ്പം സോവനീർ പ്ലാസ്റ്റിക് ഗ്ലാസും കിട്ടും.

കാനഡയിൽ നിന്ന് കളി കാണാനെത്തിയ സോഹാൻ സിങ്ങും മകനും ലേഖകനോടൊപ്പം 

 

ജർമൻകാരുടെ സെക്യൂരിറ്റി സംവിധാനം അപാരം തന്നെ. പതിവ് രീതിക്കു വിപരീതമായി മെട്രോയിൽ നിന്നിറങ്ങി ഓരോ നൂറു മീറ്ററിലും ചെറിയ കവാടങ്ങൾ. ഇഷ്ടമുള്ളിടത്തു ചെക് ഇൻ ചെയ്യാം. സ്റ്റേഡിയം എൻട്രിയിൽ എത്തുമ്പോഴേക്കും ക്ലീൻ. ഒരിടത്തും ഒരു തിരക്കുമില്ല. എനിക്കൊരു ഫിസിക്കൽ ഡിസബിലിറ്റി പാസ് ഉള്ളത് കൊണ്ട് നേരെ ലിഫ്റ്റ്‌ വഴി സീറ്റിൽ. ആളുകൾ പതിയെ എത്തിക്കൊണ്ടിരുന്നു. ഫ്രഞ്ച് ആരാധകരാണ് കൂടുതലും. എനിക്ക് അടുത്ത സീറ്റിൽ ഒരു കിർഗിസ്ഥാൻകാരനാണുള്ളത്. ഫ്രാൻസിന്റെ കളി കാണാനെത്തിയ എംബാപ്പെ ആരാധകനാണ്. അടുത്തുള്ള മറ്റൊരാൾ സെനഗലിൽനിന്ന് ഫ്രാൻസിനെ സപ്പോർട്ട് ചെയ്യാൻ എത്തിയ ആളാണ്.

 

ആദ്യം വാം അപ്പിന് ഗ്രൗണ്ടിലിറങ്ങിയത് ഫ്രഞ്ച് താരങ്ങളായിരുന്നു. ആരവങ്ങൾ ഉച്ചസ്ഥായിയിലായി. പിന്നാലെ എത്തി കെവിൻ ഡിബ്രൂയിനും സംഘവും. ഏറക്കുറെ സ്റ്റേഡിയം നിറയെയുള്ള ഫ്രഞ്ച് ആരാധകർ കൂവലിലൂടെയാണ് അവരെ സ്വാഗതം ചെയ്തത്. കിക്കോഫിലേക്കുള്ള ചടങ്ങുകൾക്ക് തുടക്കമായി. യു.ഇ.എഫ്.എയുടെയും ഇരുടീമുകളുടെയും പടുകൂറ്റൻ പതാകകൾ 100 വോളന്റിയർമാർ ചേർന്ന് കൊണ്ടുവന്നു. 10 ആതിഥേയ നഗരങ്ങളുടെ കൊടികൾ. ടീം മാർച്ച്, സംഗീതം, ബാൻഡ് മേളം...

ആദ്യം ബെൽജിയം ദേശീയ ഗാനം. തുടർന്ന് ഫ്രഞ്ചുകാരുടേതും. ടീമുകൾ കൈകൊടുത്തു പിരിഞ്ഞതോടെ കളിയുടെ മുറുക്കത്തിലേക്ക്..

കളിയിൽ ഞാൻ അധിക സമയവും ശ്രദ്ധിച്ചിരുന്നതു എങ്കോളോ കോൻറെയുടെ മൂവുകൾ ആയിരുന്നു. ഇത്ര കൂൾ ആയി എങ്ങനെ ഒരു കളിക്കാരന് പന്ത് കൈമാറാൻ കഴിയുന്നു? എത്ര കൃത്യമായ പാസുകൾ! ഫ്രഞ്ചുകാരുടെ നിരന്തര കടന്നാക്രമണവും ബെൽജിയത്തിന്റെ പ്രതിരോധവും ഇടയ്ക്കിടെയുള്ള കൗണ്ടർ അറ്റാക്കുകളുമായി ഒന്നാം പകുതി കടന്നുപോയി. സമനിലയും ഷൂട്ടൗട്ടുമാണോ ഇരുവരും ആഗ്രഹിക്കുന്നതെന്ന തോന്നലായിരുന്നു.

കളി സമനിലയിലേക്കും അധിക സമയത്തേക്കും നീങ്ങുമെന്ന് കരുതിയ നിമിഷമാണ് കോളോ മുവാനിയുടെ ആകസ്മിക ഗോൾ പിറവിയെടുത്തത്. അതും കോന്റോയുടെ സൗമ്യ സുന്ദരമായൊരു പാസിൽ. എന്റെ കണ്ണിനു നേരെ മുന്നിലായിരുന്നു ആ വിധിനിർണായക മുന്നേറ്റം. മുവാനിയുടെ ഷോട്ട് വേർടങ്ങന്റെ കാലിൽതട്ട് ഡിഫ്ലക്ട് ചെയ്ത് വലയിലേക്ക് വഴിമാറിയതോടെ ഈ യൂറോകപ്പിന്റെ കണക്കിലേക്ക് വീണ്ടുമൊരു​ സെൽഫ് ഗോൾ. ഗാലറിയിൽ ഇടിമുഴക്കമായി ആരവങ്ങളുയർന്നതോടെ  എക്സ്ട്രാടൈമിലേക്ക് കണ്ണുനട്ടിരുന്ന ബെൽജിയം ആരാധകർ തരിച്ചിരുന്നുപോയി. അവസാന ഘട്ടത്തിലെ എതിർ മുന്നേറ്റങ്ങളെയും തടഞ്ഞുനിർത്തി ഫ്രഞ്ചുസംഘം ജയത്തിലെത്തിയതോടെ ഗാലറിയിൽ ആമോദം കനത്തു. സെൽഫിയിൽ മുങ്ങിയ ആഘോഷങ്ങളായിരുന്നു ഏറെയും. 


Tags:    
News Summary - Euro cup 2024 live reporting from Germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.